ജ്ഞാനപീഠ പുരസ്കാര ജേതാവ് ആർ. വൈരമുത്തുവിനെ അഭിനന്ദിച്ച സൂപ്പർതാരം രജനീകാന്തിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് ഗായിക ചിന്മയി. രജനീകാന്ത് എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയിയുടെ വിമർശനം. കഴിഞ്ഞദിവസം വൈരമുത്തുവിനെ പ്രശംസിച്ചതിന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനെതിരെയും ചിന്മയി ശബ്ദമുയർത്തിയിരുന്നു.

To advertise here,

നമ്മുടെ ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ പുരസ്കാരം നേടിയ എന്റെ പ്രിയസുഹൃത്ത്, കവി പേരരശ് വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് രജനീകാന്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 'അയ്യോ... നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസിലാവില്ലെന്നുവെച്ചാൽ' എന്നാണ് ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ചിന്മയി പ്രതികരിച്ചത്.

വൈരമുത്തുവിന് ജ്ഞാനപീഠപുരസ്കാരം എന്ന വാർത്ത വന്നതിനുശേഷം രൂക്ഷമായ പ്രതികരണങ്ങളാണ് ചിന്മയി നടത്തുന്നത്. വേട്ടക്കാർക്കെതിരേ സ്ത്രീകളുയർത്തിയ കൂട്ടായശബ്ദം ഈ പുരസ്കാരപ്രഖ്യാപനത്തിലൂടെ നിശ്ശബ്ദമാക്കപ്പെടുകയാണെന്ന് വൈരമുത്തുവിനെതിരേ ആരോപണമുന്നയിക്കുകയും അതിജീവിതമാർക്ക് പിന്തുണനൽകുകയും ചെയ്ത ചിൻമയി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

‘‘വ്യത്യസ്ത പ്രായത്തിലുള്ള ഒട്ടേറെ സ്ത്രീകൾ ഒരു പ്രമുഖ ഗാനരചയിതാവിൽനിന്ന് ലൈംഗികാതിക്രമങ്ങൾ നേരിട്ട കാര്യം വെളിപ്പെടുത്തിക്കൊണ്ട് 2018-ൽ രംഗത്തുവരുകയുണ്ടായി. ആ സ്ത്രീകളുടെ കൂട്ടായ പ്രതിഷേധങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ട്, ആ വ്യക്തിക്ക് ജ്ഞാനപീഠം നൽകപ്പെട്ടിരിക്കുകയാണ്. ഇതിനുമുൻപ് ജ്ഞാനപീഠം നേടിയ ജയകാന്തനെപ്പോലുള്ള ഒരു മഹാനായ എഴുത്തുകാരന്റെ പേരിൽ വ്യാജ കത്ത് ചമച്ചെന്ന ആരോപണം നേരിട്ടയാളാണ് അദ്ദേഹം. നീതിക്കായി കാത്തിരിക്കുന്ന ഒരുപാട് സ്ത്രീകളുടെ ശബ്ദം ഇവിടെ അവഗണിക്കപ്പെടുകയാണ്. പോരാട്ടം തുടരുന്ന ഓരോ സ്ത്രീയും ഈ നിശ്ശബ്ദമാക്കലിന്റെ ഇരകളാണ്’’ -ചിൻമയി പറഞ്ഞു.

മുൻപ് കേരളത്തിൽനിന്ന് വൈരമുത്തുവിന് ഒ.എൻ.വി. കുറുപ്പ് അവാർഡ് പ്രഖ്യാപിച്ചെങ്കിലും സാംസ്കാരികകേരളത്തിൽനിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആ തീരുമാനം പിൻവലിക്കേണ്ടിവന്നെന്ന കാര്യം ചിൻമയി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വൈരമുത്തുവിനെ അഭിനന്ദിച്ചുകൊണ്ട് മക്കൾനീതി മയ്യം നേതാവ് കമൽ ഹാസൻ നടത്തിയ പ്രസ്താവനയെയും ചിന്മയി വിമർശിച്ചു. താൻ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന സുഹൃത്തായ വൈരമുത്തുവിന് എല്ലാവിധ അഭിനന്ദനവും അറിയിക്കുന്നതായാണ് എക്‌സിലെ കുറിപ്പിൽ കമൽഹാസൻ വ്യക്തമാക്കിയത്.