കോവിഡ് രോഗബാധയില്‍ നിന്നും വിമുക്തയായ ബോളിവുഡ് ഗായിക കനിക കപൂര്‍ തന്റെ രക്തത്തിലെ പ്ലാസ്മ മറ്റു രോഗബാധിതരുടെ ചികിത്സക്കായി ദാനം ചെയ്യാന്‍ തയ്യാറെന്ന് അറിയിച്ചു. ലഖ്നൗവിലെ കിങ് ജോര്‍ജസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അധികൃതരെ  ബന്ധപ്പെട്ട കനിക പ്ലാസ്മ ദാനം ചെയ്യാൻ താൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

To advertise here,

പ്ലാസ്മ ചികിത്സയുമായി ബന്ധപ്പെട്ട് കനികയുടെ രക്തം ശേഖരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കനികയുടെ പ്ലാസ്മ മറ്റുരോ​ഗികൾക്ക് ദാനം ചെയ്യാൻ സാധിക്കുമോ എന്നറിയാനുള്ള ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്. അവയുടെ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകൂ എന്ന് ആശുപത്രി അധികൃതർ പറയുന്നു

ഇതുവരെ കോവിഡ് രോഗബാധയില്‍ നിന്നും വിമുക്തരായ മൂന്ന് രോഗികള്‍ ഇതേരീതിയില്‍ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്തു കഴിഞ്ഞുവെന്നും. അതില്‍ ഒരാള്‍ ഇതേ ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

കോവിഡില്‍നിന്ന് പരിപൂര്‍ണമായി മുക്തിനേടിയ ആളുടെ രക്തത്തില്‍ ആ രോഗത്തിനെതിരായ ആന്റിബോഡി ഘടകങ്ങള്‍ ഉണ്ടാകും. പ്ലാസ്മയിലാണ് ഇത് ഉണ്ടാവുക. രോഗമുക്തനായ ആളുടെ രക്തത്തെ പ്ലാസ്മാഫെറസിസ് മെഷീനിലൂടെ കടത്തിവിടും. അത് രക്തകോശങ്ങളെ പ്ലാസ്മയില്‍നിന്ന് വേര്‍തിരിക്കും. ആ പ്ലാസ്മ ശീതീകരിച്ച് സൂക്ഷിക്കാം. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കണ്‍വാലിസന്റ് പ്ലാസ്മാ തെറാപ്പി എന്നും ആന്റിബോഡി ചികിത്സയെന്നും അറിയപ്പെടുന്നത്.

അതേസമയം, ഗായികയോട് ഏപ്രില്‍ 30-ന് സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്ന് യു.പി. പോലീസ് ആവശ്യപ്പെട്ടു. മാര്‍ച്ച് 20-നാണ് കനികയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതാണ് കനികയുടെ പേരിലുള്ള കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270, 188 എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തി പിന്നീട് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ അവര്‍ പങ്കെടുത്തിരുന്നു

Content Highlights: Bollywood singer Kanika Kapoor expresses desire to donate plasma for covid-19 patient treatment