ന്യൂഡൽഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി സമീപിച്ചുവെന്ന പരാതിയില്‍ നൃത്തസംവിധായകനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. പ്രശസ്ത ബോളിവുഡ് കോറിയോഗ്രാഫറും നടനും സംവിധായകനുമായ ഗണേഷ് ആചാര്യയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. 

To advertise here,

സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. തനിക്കു നീതി കിട്ടണമെന്നും ആചാര്യയ്ക്ക് ഇന്റസ്ട്രിയില്‍ വിലക്കേര്‍പ്പെടുത്തണമെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ആചാര്യ അധികാരം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി കുറ്റപ്പെടുത്തി. ലാപ്‌ടോപ്പില്‍ പോണ്‍ വീഡിയോകള്‍ കാണുന്ന സ്വഭാവക്കാരനാണ് കോറിയോഗ്രാഫറെന്നും സ്ത്രീകള്‍ അതുവഴി കടന്നു വന്നാല്‍ ശബ്ദമുയര്‍ത്തി വയ്ക്കുന്നതും പതിവാണെന്നും പരാതിയില്‍ സഹപ്രവര്‍ത്തക പറഞ്ഞിരുന്നു. ഒരിക്കല്‍ താന്‍ ഓഫീസില്‍ ചെന്നപ്പോള്‍ തന്നെ വിളിച്ചിരുത്തി വീഡിയോ ആസ്വദിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചു. ബലമായി അടുത്തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു. കുതറിയെഴുന്നേറ്റ് താന്‍ അയാള്‍ക്ക് മുന്നറിയിപ്പു നല്‍കിയെന്നും  യുവതി പറഞ്ഞു.

എന്നാല്‍ തനിക്ക് യുവതിയെ അറിയില്ലെന്ന് ഗണേഷ് ആചാര്യ പറഞ്ഞു. തനിക്കെതിരെ നിരന്തരം പരാതികളുമായി രംഗത്തു വരുന്ന ആളെന്ന നിലയില്‍ അന്വേഷിച്ചപ്പോള്‍ 2007 മുതല്‍ താന്‍ ജോലി ചെയ്യുന്ന നര്‍ത്തകരുടെ സംഘത്തില്‍ യുവതിയുമുണ്ടായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. അടുത്തിടെ യുവതി കോറിയോഗ്രാഫര്‍മാരുടെ അസോസിയേഷനില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ എതിരാളികളായ ഒരു അസോസിയേഷനില്‍ അംഗമാവുകയും ചെയ്തു. താന്‍ അവരെ അപഹാസ്യപ്പെടുത്തിയെന്നു കാണിച്ച് ഐ എഫ് ടി സി എക്കും തനിക്കും നിരന്തരം കത്തുകളുമയയ്ക്കാറുണ്ട്. ഇതേത്തുടര്‍ന്ന് ആചാര്യ ഇടപെട്ട് അവരുടെ അംഗത്വം റദ്ദാക്കിയിരുന്നു. യുവതിയോടൊപ്പം ജോലി ചെയ്യരുതെന്ന് പറഞ്ഞ് മറ്റു സഹപ്രവര്‍ത്തകര്‍ക്കും കത്തുകളയച്ചിരുന്നു. ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ആചാര്യയ്‌ക്കെതിരെ മറ്റു ചില യുവതികള്‍ കൂടി പരാതി നല്‍കിയിരുന്നു. രംഗ് ദേ ബസന്തി, പദ്മാവത്, ഗോല്‍മാല്‍, സഞ്ജു തുടങ്ങിയ ചിത്രങ്ങളില്‍ പ്രവൃത്തിച്ചിട്ടുണ്ട് ആചാര്യ. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോ ആണ് അവസാനചിത്രം.

Content Highlights : bollywood choreographer ganesh acharya arrested by mumbai police for sexual harrassment