ഓൺലൈൻ ഷോപ്പിംഗിനും താൻ അടിമയായിരുന്നുവെന്നും, അതിനെക്കുറിച്ച് ഭാര്യ തന്നെ പലപ്പോഴും വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ബോബി സമ്മതിച്ചു.

അനിമൽ എന്ന ചിത്രത്തിലൂടെ കരിയറിൽ വലിയൊരു വഴിത്തിരിവുണ്ടാക്കിയ താരമാണ് ബോബി ഡിയോൾ. എന്നാൽ അതിന് മുൻപ് മദ്യത്തിനടിമയായി, ജോലിക്ക് പോലും പോകാൻ സാധിക്കാതിരുന്ന ഒരു ഘട്ടം തന്റെ ജീവിതത്തിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും വലിയ ജനപ്രീതി ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അവസരങ്ങൾ കുറഞ്ഞു. ഈ വിഷമഘട്ടത്തിൽ, തിരിച്ചടികളെ മറികടക്കാനാണ് താൻ മദ്യത്തെ ആശ്രയിച്ചതെന്നും ബോബി ഡിയോൾ ഓർത്തെടുത്തു.
'ആപ് കി അദാലത്' എന്ന പരിപാടിയുടെ അവതാരകൻ രജത് ശർമയോട് സംസാരിക്കവേയാണ് തന്റെ ജീവിതത്തിലെ ഇരുണ്ടകാലത്തെക്കുറിച്ച് ബോബി ഡിയോൾ തുറന്നുപറഞ്ഞത്. അവസരങ്ങൾ കുറഞ്ഞതോടെ സ്വയം സഹതാപത്തിലേക്ക് വീണുപോയെന്ന് ബോബി പറഞ്ഞു. പിതാവിനെപ്പോലെ താനും മദ്യത്തിൽ അഭയം പ്രാപിച്ചു. തന്റെ ലോകം അവസാനിച്ചുവെന്നും ആരും തന്നെ ഇഷ്ടപ്പെടുന്നില്ലെന്നുമുള്ള തോന്നലുകളാണ് ഈ ലഹരിയിലേക്ക് നയിച്ചത്. ഭാര്യ താന്യ ഡിയോൾ മാത്രമാണ് തനിക്കൊപ്പം നിന്നതെന്നും ബോബി സമ്മതിച്ചു.
"നിങ്ങൾ നിരാശപ്പെടുമ്പോൾ, നിങ്ങളോട് തന്നെ സഹതാപം തോന്നും. ഇത് മനുഷ്യസഹജമാണ്. നിങ്ങളുടെ ലോകം അവസാനിച്ചതായി നിങ്ങൾക്ക് തോന്നും, ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നും, അപ്പോൾ നിങ്ങളെ ശാന്തമാക്കുന്ന ചില കാര്യങ്ങളിൽ നിങ്ങൾ അടിമയാകും. എന്റെ പിതാവിനും മദ്യപാനം ഇഷ്ടമായിരുന്നു. ഞാനും മദ്യപാനം ആരംഭിക്കുകയും അതിന് അടിമയാകുകയും ചെയ്തു. എന്നാൽ എന്റെ ഭാര്യ എന്നെ അതിൽനിന്ന് കരകയറ്റാൻ സഹായിച്ചു. താന്യ എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ, ഞാൻ ഇന്ന് ഇവിടെ ഇരിക്കുമായിരുന്നില്ല. വീടിന്റെ സാമ്പത്തിക കാര്യങ്ങൾ അവൾ നോക്കി. അവൾ ജോലി ചെയ്യുകയും വീട്ടിലെ എല്ലാ ചിലവുകളും വഹിക്കുകയും ചെയ്തു. എന്റെ കുട്ടികൾ ഞാൻ എന്തുകൊണ്ടാണ് എപ്പോഴും വീട്ടിലിരിക്കുന്നതെന്നും എന്തുകൊണ്ടാണ്അ വരുടെ അമ്മ ഓഫീസിൽ പോകുന്നുവെന്നും ചോദിക്കാൻ തുടങ്ങിയപ്പോൾ, എന്റെ ഉള്ളിൽ എന്തോ ഒന്ന് സംഭവിച്ചു, ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ തീരുമാനിച്ചു." ബോബി ഡിയോളിന്റെ വാക്കുകൾ.
ബോബിയുടെ വിഷമഘട്ടത്തിൽ, താന്യ വിവാഹബന്ധം വേർപെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഒരു തമാശ കേൾക്കുന്നതുപോലെ തോന്നുന്നു. സ്ത്രീകൾ മാനസികമായും വൈകാരികമായും വളരെ ശക്തരാണ്; എന്റെ ഭാര്യ ഒരിക്കലും എന്നെ വിട്ടുപോയിട്ടില്ല. ഞാൻ മദ്യപാനം നിർത്തിയില്ലെങ്കിൽ അവൾ എന്നെ വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവൾ ഒരിക്കലും അങ്ങനെ ചെയ്തില്ല, ഞാൻ തുടർന്നും മദ്യപിച്ചു. പക്ഷേ വിവാഹമോചനം പോലൊരു കാര്യം ഒരിക്കലും സംഭവിച്ചിട്ടില്ല." ബോബി ഡിയോൾ വിശദീകരിച്ചു.
ഓൺലൈൻ ഷോപ്പിംഗിനും താൻ അടിമയായിരുന്നുവെന്നും, അതിനെക്കുറിച്ച് ഭാര്യ തന്നെ പലപ്പോഴും വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ബോബി സമ്മതിച്ചു. താന്യ ബില്ലുകൾ എടുത്ത് അടുത്ത ദിവസം കാണിക്കുമായിരുന്നു. അനാവശ്യമായി എത്ര പണം ചെലവഴിക്കുന്നുവെന്ന് സ്വയം തിരിച്ചറിയാൻ അത് തന്നെ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുരാഗ് കശ്യപിന്റെ 'ബന്ദർ', ആലിയ ഭട്ടിനൊപ്പമുള്ള 'ആൽഫ', വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകൾ.
Content Highlights: Speaking in a highly emotional interview on the legendary show Aap Ki Adalat with host Rajat Sharma, Bobby Deol confessed that when film offers abruptly dried up after his initial late-90s stardom, he fell into a destructive cycle of self-pity. To sedate his depression, he turned to heavy drinking, echoing a vice he observed in his father, Dharmendra.
Published: 02 Jun 2026, 05:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented