അന്തരിച്ച തമിഴ് സംവിധായകനും നടനുമായ ഭാഗ്യരാജിനെ അവസാനമായി ഒരുനോക്ക് കാണാൻ നേരിട്ടെത്തി നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. ഭാഗ്യരാജിന്റെ വീട്ടിലെത്തി വിജയ് അന്ത്യോപചാരം അർപ്പിച്ചു. പിതാവിന്റെ വിയോഗത്തിൽ അതീവ ദുഃഖിതനായ ശന്തനുവിനെ വിജയ് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

To advertise here,

ഭാഗ്യരാജിന്റെ വീട്ടിൽ മുഖ്യമന്ത്രി എത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. കാറിൽ വന്നിറങ്ങിയ വിജയ്, കൈയിൽ പുഷ്പമാലയും കരുതിയിരുന്നു. മൃതദേഹത്തിൽ പുഷ്പമാലയും അർപ്പിച്ച വിജയ്, ആത്മാവിന് നിത്യശാന്തി നേർന്നു.

തുടർന്ന് ശന്തനുവിന് അടുത്തേക്ക് നീങ്ങിയ അദ്ദേഹം, നടനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. വിജയ് ആശ്വസിപ്പിക്കുമ്പോഴും പൊട്ടിക്കരയുന്ന ശന്തനുവിനെ ദൃശ്യങ്ങളിൽ കാണാം.

മുഖ്യമന്ത്രിയെ കൈകൂപ്പി അഭിവാദ്യം ചെയ്യാൻ ഒരുങ്ങവെ തന്നെ ശന്തനു നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞുപോയി. തുടർന്നാണ് വിജയ് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചത്.

ഭാഗ്യരാജിന്റെ കുടുംബവുമായി വിജയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ശന്തനുവിന്റെ വിവാഹത്തിന് താലിയെടുത്ത് നൽകിയത് വിജയ് ആയിരുന്നു.

ഭാഗ്യരാജിന്റെ വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് വിജയ് അനുശോചനം അറിയിച്ചിരുന്നു. ഭാഗ്യരാജിന്റെ വിയോഗം തമിഴ് സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂർണ ഔദ്യോഗിക ബഹുമതിയോടെയാവും സംസ്‌കാരച്ചടങ്ങുകൾ എന്നും അദ്ദേഹം അറിയിച്ചിരുന്നു.

'തമിഴ് സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ പ്രമുഖ സംവിധായകനും നടനും തിരക്കഥാകൃത്തും സംഭാഷണ രചയിതാവും സംഗീതസംവിധായകനുമായ കെ. ഭാഗ്യരാജിന്റെ വേർപാട് എന്നിൽ ഞെട്ടലും അഗാധമായ ദുഃഖവും ഉണ്ടാക്കിയിരിക്കുന്നു. വ്യത്യസ്തമായ കഥാഖ്യാനം, നർമ പ്രധാനമായ പ്രകടനങ്ങൾ, ഗ്രാമീണ ജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയും ആഴമേറിയ വികാരങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന സിനിമകളിലൂടെ തമിഴ് ജനതയുടെ ഹൃദയത്തിൽ ശാശ്വതമായ ഇടം നേടാൻ ഭാഗ്യരാജിന് കഴിഞ്ഞിട്ടുണ്ട്. തമിഴ് ചലച്ചിത്ര ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മാനവികതയെയും സാമൂഹിക മൂല്യങ്ങളെയും കുറിച്ച് സംസാരിക്കുന്നതോടൊപ്പം പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും കാലാതീതമായ സ്മരണകളായി എന്നും നിലനിൽക്കും', മുഖ്യമന്ത്രി കുറിച്ചു.