
കൊച്ചി: നാടക അരങ്ങിലും സിനിമയിലും പല വേഷങ്ങളിൽ നിറഞ്ഞ് മലയാളി മനസ്സിൽ ഇടം നേടിയ നെടുമുടി വേണുവിന്റെ ഓർമകളിൽ ഒരു സന്ധ്യ. സിനിമയിൽ മറക്കാനാകാത്ത കഥാപാത്രമാകുമ്പോഴും ജീവിതത്തിൽ ഉറ്റ ചങ്ങാത്തങ്ങൾ നെഞ്ചോടുചേർത്ത വേണുവിനെ പ്രിയപ്പെട്ടവർ ഓർത്തെടുത്തു. നെടുമുടി വേണുവിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചതായിരുന്നു പരിപാടി.
രൂപത്തിലും ഭാവത്തിലും വൈവിധ്യമുള്ള അനവധി കഥാപാത്രങ്ങളെ മലയാള സിനിമയിൽ അവതരിപ്പിച്ച അപൂർവ നടനാണ് നെടുമുടി വേണു എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. സൂക്ഷ്മമായ ജീവിത നിരീക്ഷണത്തിന്റെ കരുത്താണ് തകരയിലെ ചെല്ലപ്പനാശാരി മുതൽ അദ്ദേഹം അവസാന കാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ വരെയുള്ളത്.
"ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് എറണാകുളത്ത് സാഹിത്യ പരിഷത്ത് സമ്മേളന വേദിയിൽ ശങ്കരക്കുറുപ്പിനും കുഞ്ഞിരാമൻ നായർക്കും വൈലോപ്പിള്ളിക്കുമൊപ്പം കവിത ചൊല്ലി താഴെയിറങ്ങിയപ്പോൾ നീണ്ട മുടിയും താടിയുമുള്ള ചെറുപ്പക്കാരൻ അടുത്തു വന്നു. പത്രലേഖകനായ കെ. വേണുഗോപാൽ എന്നു സ്വയം പരിചയപ്പെടുത്തി. എന്റെ മുഷിഞ്ഞ വേഷം കണ്ട് വേണു പുതിയ ഷർട്ടും മുണ്ടും വാങ്ങിത്തന്നു, സ്വന്തം മുറിയിൽ താമസിപ്പിച്ചു.
വേണു മരിച്ച ശേഷം വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ സുശീല എനിക്ക് ഒരു പാക്കറ്റ് തന്നിട്ടു പറഞ്ഞു, ഇത് വേണുച്ചേട്ടൻ അവസാനമായി വാങ്ങിച്ചതാണ്. ഉപയോഗിച്ചില്ല. ഇത് ബാലന് ഇരിക്കട്ടെ. ആ പാക്കറ്റിൽ മൂന്ന് ഷർട്ടായിരുന്നു. എന്റെ കണ്ണുനിറഞ്ഞു. ഒരിക്കലും മരിക്കാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത്" - ബാലചന്ദ്രൻ പറഞ്ഞു.

നെടുമുടി വേണുവിന്റെ വിയോഗം മനസ്സുകൊണ്ട് പലപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു.അദ്ദേഹം തിരക്കഥാ ചർച്ചയിലും രചനയിലും പലപ്പോഴും സഹായിച്ചിരുന്നുവെന്ന് സംവിധായകൻ കമൽ പറഞ്ഞു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് പി. പ്രകാശ് അധ്യക്ഷനായി. ടി.ജി. രവികുമാർ സ്വാഗതവും മേജർ നാരായണൻ നന്ദിയും പറഞ്ഞു.
Content Highlights: balachandran chullikkad about nedumudi venu, nedumudi death anniversary
Published: 12 Oct 2023, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented