
ആറാട്ടണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയും ചെകുത്താൻ എന്ന് വിളിക്കുന്ന അജു അലക്സും ചെയ്യുന്നത് ഒരേകാര്യമാണെന്ന് നടൻ ബാല. ഇവരെപ്പോലെയുള്ള നെഗറ്റീവ് യൂട്യൂബർമാരെ തടയണമെന്നും ബാല പറഞ്ഞു. ഫെയ്സ്ബുക്ക് ലെെവിലൂടെയായിരുന്നു നടൻ്റെ പ്രതികരണം.
'പറഞ്ഞുതീർക്കാൻ സാധിക്കാത്തത്ര നേട്ടങ്ങൾ സ്വന്തമാക്കിയ ആളാണ് ലാലേട്ടൻ. അദ്ദേഹത്തിൻ്റെ അമ്മയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ലാലേട്ടനോട് ഞാൻ സംസാരിച്ചിരുന്നു. അമ്മയ്ക്കു പിറന്നാൾ ആശംസകൾ നേർന്നു. എവിടെയാണ് ഉള്ളതെന്നും കൊച്ചിയിൽ വരുമ്പോൾ നേരിട്ടു കാണണമെന്നൊക്കെ അദ്ദേഹം പറഞ്ഞു. പറയേണ്ട നല്ല കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം അദ്ദേഹത്തെ അപമാനിച്ച വിഷയത്തെക്കുറിച്ചും സംസാരിച്ചു.
Also Read
അദ്ദേഹത്തിന്റെ ക്വാളിറ്റി നോക്കണം. ഇത്രയും തരംതാഴ്ന്ന ചെകുത്താനെപ്പോലുള്ള ആളുകൾ വളരെ മോശം പരാമർശമാണ് നടത്തിയത്. ഒറിജിനൽ വീഡിയോ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. ഇതെല്ലാം ചെയ്തിട്ടും ഒരു നെഗറ്റീവോ ദേഷ്യമോ ഒന്നും പറയുകയോ കാണിക്കുകയോ ചെയ്തില്ല. എല്ലാം ദൈവം നോക്കിക്കോളൂം എന്ന രീതിയിലാണ് അദ്ദേഹം നിൽക്കുന്നത്. എന്തൊരു ക്വാളിറ്റിയാണ് ലാലേട്ടന്റേത്. ഇത്രയും നന്മ ചെയ്തിട്ട് ചീത്ത കേൾക്കുമ്പോഴും ഇനിയും നന്മ ചെയ്യണമെന്ന രീതിയിലാണ് അദ്ദേഹം നിൽക്കുന്നത്. വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്.
നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനെ കേരളത്തിന് ഇഷ്ടമാണ്. സത്യം എന്തായാലും ജയിക്കും, അതിനു കുറച്ച് സമയമെടുക്കും. കള്ളത്തരം പെട്ടെന്ന് വൈറലാകും, പക്ഷേ അതിന് അധികം ആയുസ്സില്ല. നല്ല മനസ്സുള്ള ഒരാളുടെ മനസ്സ് സങ്കടപ്പെട്ട് കണ്ണിൽ നിന്നും കണ്ണുനീർവന്നാൽ ആ കണക്ക് മനുഷ്യനല്ല, ദൈവം തീർക്കും. അതിൻ്റെ ശിക്ഷ ഭയങ്കരമായിരിക്കും. ഇതുപോലുള്ള നെഗറ്റിവ് ആളുകൾക്ക് നമുക്കൊരു ഫുൾ സ്റ്റോപ്പ് വെക്കണം.
ആറാട്ടണ്ണന്റെ ഒരഭിമുഖം കണ്ടു. പേടിച്ചാണ് അയാൾ അതിനു നിൽക്കുന്നതു തന്നെ. ലാലേട്ടനെ ചെകുത്താൻ കഴിഞ്ഞ പത്ത് വർഷമായി ചീത്ത പറയുന്നുണ്ട്. അത് ഭയങ്കര മോശം കാര്യമാണെന്നൊക്കെയാണ് അയാൾ പറയുന്നത്. അഭിമുഖം നടത്തുന്ന ആൾക്ക് മനസാക്ഷിയുണ്ടെങ്കിൽ ചോദിക്കാം, ഇതല്ലേ പുള്ളിയും ചെയ്തുകൊണ്ടിരുന്നത്. ധെെര്യമായിട്ട് ചോദിക്കണം. സന്തോഷ് വർക്കി ലാലേട്ടനെ മാത്രമല്ല എല്ലാ നടിമാരെയും അവഹേളിക്കുകയാണ്. എന്നിട്ടാണ് ഇന്ന് ജനിച്ച കുട്ടിയെപ്പോെല ചെകുത്താൻ ചെയ്തത് തെറ്റാണെന്ന് പറയുന്നത്.
ചെകുത്താൻ ചെയ്തത് തെറ്റാണെങ്കിൽ നിങ്ങൾ ചെയ്തതും തെറ്റാണ്. നടിമാരെക്കുറിച്ചും എന്നെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടത്തിൻ്റെ പോസ്റ്റർ കണ്ടിട്ട് പടം ഫ്ലോപ്പ് ആകുമെന്ന് പറയുന്നവരുണ്ട്. പടം കണ്ടില്ല, പക്ഷേ മോശം ആണെന്ന് പറയും ചിലർ. ഇങ്ങനെയുള്ള നെഗറ്റിവ് യൂട്യൂബേഴ്സിനു ഫുൾസ്റ്റോപ്പ് ഇടണം. ചെകുത്താന് ചെകുത്താൻ തന്നെ കുഴി തോണ്ടിയതാണ്', ബാല പറഞ്ഞു.
നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിനാണ് 'ചെകുത്താൻ' എന്ന യുട്യൂബ് ചാനൽ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി.
Content Highlights: bala about mohanlal santhosh varkey and aju alex
Published: 10 Aug 2024, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented