കൊച്ചി: മോഹൻലാലിനെതിരായ പരാമർശങ്ങളുടെപേരിൽ വ്ലോഗർ ‘ചെകുത്താൻ’ അകത്തായതിനു പിന്നാലെ, അഭിനേതാക്കളെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരേ നിയമനടപടികൾ ശക്തമാക്കാൻ തീരുമാനിച്ച് താരസംഘടനയായ ‘അമ്മ.’
അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പോലീസിൽ നൽകിയ രണ്ടാമത്തെ പരാതിയാണ് ചെകുത്താൻ എന്നപേരിലുള്ള വ്ലോഗർ അജു അലക്സിനെതിരേയുള്ളത്. ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ പേരിലായിരുന്നു ആദ്യത്തേത്. തന്നെയും മറ്റ് അഭിനേതാക്കളെയും അവഹേളിക്കുന്നുവെന്ന് പറഞ്ഞ് നടൻ താരസംഘടനയ്ക്ക് നൽകിയ പരാതിയെത്തുടർന്നാണ് സിദ്ദിഖ് പാലാരിവട്ടം പോലീസിനെ സമീപിച്ചത്. തുടർന്ന് സന്തോഷ് വർക്കിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.
ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായതുകൊണ്ടാണ് മോഹൻലാലിന് വയനാട്ടിൽ പോകാൻ സാധിച്ചത്. പബ്ലിസിറ്റിക്കുവേണ്ടി ഇങ്ങനെ ചെയ്യേണ്ട കാര്യം അദ്ദേഹത്തിനില്ല.
ഇതിനെ അഭിനന്ദിക്കുന്നതിനു പകരം അധിക്ഷേപിക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചത്. വ്യക്തമായ ചാനലും വിലാസവുമില്ലാത്ത യൂട്യൂബർമാരാണ് വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് -സിദ്ദിഖ് പറഞ്ഞു.
അമ്മ മെഗാഷോ 20-ന്
‘അമ്മ’യുടെ മെഗാഷോ ഓഗസ്റ്റ് 20-ന് അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയുള്ള പരിപാടിയിൽ എൺപതോളം താരങ്ങൾ പങ്കെടുക്കും. വരുമാനത്തിന്റെ ഒരുവിഹിതം വയനാട്ടിലെ ദുരിതബാധിതർക്ക് നൽകുമെന്ന് സിദ്ദിഖ് പത്രസമ്മേളനത്തിൽ പറഞ്ഞു.
നടൻ ദിലീപ് ‘അമ്മ’യുടെ ഭാഗമല്ലാത്തതിനാൽ മെഗാഷോയിൽ ഉണ്ടാകില്ല. .
ഹേമ കമ്മിറ്റി റിപ്പോർട്ട് ‘അമ്മ’യുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. അത് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയെത്തിയതിൽ പങ്കില്ല. റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്നതിൽ അമ്മയ്ക്ക് പ്രത്യേക അഭിപ്രായമില്ല. സെക്രട്ടറി ബി. രാകേഷ്, ജോയന്റ് സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Amma moves to take legal action against more Youtubers for defaming actors
Published: 10 Aug 2024, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented