അന്തരിച്ച നടൻ കോട്ടയം പ്രദീപിനെ അനുസ്മരിച്ച് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ. ഫെബ്രുവരി 18ന് റിലീസിനെത്തുന്ന മോഹൻലാൽ ചിത്രം ആറാട്ടിൽ ശ്രദ്ധേയ വേഷത്തിൽ പ്രദീപും എത്തുന്നുണ്ട്. മോഹൻലാലും പ്രദീപും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നുവെന്നും  രണ്ടു ദിവസം മുമ്പും പ്രദീപ് ആറാട്ടിന്റെ വിശേഷങ്ങൾ ചോദിച്ച് വിളിച്ചിരുന്നെന്നും ചിത്രത്തിന്റെ സംവിധായകൻ  ബി. ഉണ്ണിക്കൃഷ്ണൻ ഓർമിക്കുന്നു. 

To advertise here,

ബി.ഉണ്ണിക്കൃഷ്ണന്റെ കുറിപ്പ്

പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പും, "ആറാട്ടി"ന്റെ റിലിസ്‌ വിശേഷങ്ങൾ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനൽ വീഡിയോ അയച്ച്‌ തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാർത്തയാണ്‌. " നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി"ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, " കഴിവുള്ള കലാകാരനായിരുന്നു"യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. "ആറാട്ടി"ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ

വ്യാഴാഴ്ച്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് കോട്ടയം പ്രദീപിന്റെ അന്ത്യം സംഭവിക്കുന്നത്.. അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ആറാട്ട്. 

Content Highlights : B Unnikrishnan remembers Kottayam Pradeep Aaraattu movie Mohanlal