
തൃപ്പൂണിത്തുറ: ഓണ വിളംബരവുമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. വ്യവസായ മന്ത്രി പി. രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളിൽ പതാക ഉയർത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അത്തമച്ചമയം ഉദ്ഘാനം ചെയ്തു. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ചെറുപ്പകാലം മുതൽ അത്തച്ചമയാഘോഷങ്ങളിൽ താൻ സജീവമായിരുന്നുവെന്ന് വേദിയിൽ മമ്മൂട്ടി പറഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും മനസ്സുകൊണ്ടും സ്നേഹംകൊണ്ടും നമുക്ക് ഒരേപോലെയാകാമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഈ ആഘോഷം ഒരു വലിയ സാഹിത്യ, സംഗീത, സാംസ്കാരിക ആഘോഷമാക്കി മാറ്റാൻ സർക്കാർ മുൻകൈയെടുക്കണമെന്നും മമ്മൂട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
'ഞാൻ ചെമ്പിലുള്ളയാളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുൻപ് ഈ അത്താഘോഷത്തിൽ ഒക്കെ വായിനോക്കി നിന്നിട്ടുണ്ട്. എനിക്ക് അന്നും അത്താഘോഷത്തിൽ പുതുമയുണ്ട്, അത്ഭുതം. ഇന്നും ആ അത്ഭുതം വിട്ടുമാറിയിട്ടില്ല. ഏത് സങ്കൽപ്പത്തിന്റെയോ ഏത് വിശ്വാസത്തിന്റെയോ പേരിലായാലും അത്തം നമ്മളെ സംബന്ധിച്ചിടത്തോളം ഒരാഘോഷമാണ്.
അത്തച്ചമയമായിരുന്നു പണ്ടൊക്കെ എന്ന് കേട്ടിട്ടുണ്ട്. അതായത്, രാജാക്കന്മാർ സർവാഭരണ വിഭൂഷിതരായി തെരുവോരങ്ങളിൽ ഘോഷയാത്രയായി വരികയും പ്രജകൾ കാത്തു നിൽക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു. രാജഭരണം പോയി, ഇപ്പോൾ പ്രജകളാണ് രാജാക്കന്മാർ. നമ്മൾ പ്രജകളാണ് സർവാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്. വലിയൊരു ജനാധിപത്യ കാലഘട്ടത്തിൽ നമ്മൾ ജീവിക്കുമ്പോൾ ഈ ആഘോഷം പൂർണമായും ജനങ്ങളുടേതാണ്. നമ്മുടെ സന്തോഷത്തിന്റെയും സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ ആഘോഷമായിട്ടാണ് ഇപ്പോൾ അത്തച്ചമയം ആഘോഷിക്കുന്നത്.
അത്താഘോഷം എന്ന സങ്കല്പം വലിയ സാഹിത്യ, സംഗീത, സാംസ്കാരിക ആഘോഷമാക്കി മാറ്റാൻ സർക്കാർ മുൻകൈയെടുക്കണമെന്ന അപേക്ഷ ഒരു സാംസ്കാരിക പ്രവർത്തകനെന്ന നിലയിൽ എനിക്കുണ്ട്. ഇതിനേക്കാളും വലിയ ആഘോഷമാക്കാൻ നമുക്ക് സാധിക്കും. ഘോഷയാത്ര എന്നതിനപ്പുറം, നമ്മുടെ സാംസ്കാരിക രംഗത്ത് സംഭാവനകൾ നൽകിയവരുടെ പ്രകടനങ്ങൾ കൂടി വെച്ചാൽ അതിന്റെ ഭംഗി വർദ്ധിക്കുകയും ലോകോത്തരങ്ങളായ ഒരുപാട് കലാരൂപങ്ങളിവിടെ അവതരിപ്പിക്കപ്പെടുകയും അത് നമുക്ക് അനുഭവവേദ്യമാക്കി തീർക്കാൻ സാധിക്കുകയും ചെയ്യും. അത്തം എന്ന് പറയുന്നത് ഓണത്തെപ്പോലെ തന്നെ കേരളത്തിന്റെ തന്നെ ഒരു ട്രേഡ് മാർക്ക് ആകുന്ന, സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒരാഘോഷമാക്കി മാറ്റണം എന്ന അഭിപ്രായംകൂടി എനിക്കുണ്ട്. ഈ ആഘോഷം നമ്മിലേയ്ക്ക് പകർത്തുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്.
ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരെയും ഒന്നുപോലെ കാണുക എന്ന സങ്കല്പം ഇങ്ങനെ ഈ ലോകത്ത് മറ്റെങ്ങുമുള്ളതായി നമുക്കറിയില്ല. സൃഷ്ടിയിൽ പോലും മനുഷ്യർ എല്ലാവരും ഒരുപോലെയല്ല. പക്ഷെ, മനസ്സുകൊണ്ടും സ്നേഹംകൊണ്ടും നമുക്ക് ഒരേപോലെയുള്ള മനുഷ്യരാകാം. അതിന് ഈ ആഘോഷങ്ങളും സങ്കല്പങ്ങളും ഉപകരിക്കട്ടെ. എല്ലാക്കാലങ്ങളിലും ഓണത്തിന്റെ മനസ്സോടെ ഇരിക്കാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു', മമ്മൂട്ടി പറഞ്ഞു.
Content Highlights: athachamayam 2023 inaugurated by cm pinarayi vijayan flag off by mammootty
Published: 20 Aug 2023, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented