ഏത് നാടായാലും റോഡിലെ കുഴികള്‍ ഒരു പ്രശ്‌നം തന്നെയാണ്. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരേപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കും ഇവ. അങ്ങനെയൊരു വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തി കയ്യടി നേടുകയാണ് ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. കാലിഫോര്‍ണിയയിലെ തന്റെ താമസസ്ഥലത്തിനടുത്ത് റോഡില്‍ രൂപപ്പെട്ട കുഴിയടയ്ക്കാനാണ് അര്‍നോള്‍ഡ് മുന്നിട്ടിറങ്ങിയത്.

To advertise here,

ട്വിറ്ററിലൂടെയാണ് അര്‍നോള്‍ഡ് റോഡ് നന്നാക്കിയതിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്. റോഡില്‍ രൂപപ്പെട്ട ഭീമന്‍ കുഴി കാറുകള്‍ക്കും സൈക്കിളുകള്‍ക്കും ഒരു പ്രശ്‌നമാവാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഞാനും സംഘവും ചേര്‍ന്ന് കുഴിയടച്ചിട്ടുണ്ട്. ഞാനെപ്പോഴും പറയുന്നതാണ്, പരാതിപ്പെട്ടുകൊണ്ടിരിക്കാതെ പ്രവര്‍ത്തിക്കാമെന്ന്, അര്‍നോള്‍ഡ് ട്വീറ്റ് ചെയ്തു. കുഴിയടയ്ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

വര്‍ക്ക് ബൂട്ടും ബോംബര്‍ ജാക്കറ്റും സണ്‍ഗ്ലാസുമണിഞ്ഞ് റോഡ് നന്നാക്കുന്ന അര്‍നോള്‍ഡിന്റെ വീഡിയോ ഇപ്പോള്‍ത്തന്നെ വൈറലാണ്. ജോലി പുരോഗമിക്കുന്നതിനിടെ ഒരു സ്ത്രീ കാര്‍ നിര്‍ത്തി അര്‍നോള്‍ഡിന്റെ പ്രവര്‍ത്തിയിലുള്ള സന്തോഷം അറിയിക്കുന്നതും വീഡിയോയില്‍ കാണാം. കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു ഹോളിവുഡ് സൂപ്പര്‍ താരം. താരത്തിന്റെ പ്രവൃത്തിക്ക് അഭിനന്ദനവുമായി കാലിഫോര്‍ണിയന്‍ മുന്‍ മേയര്‍ മാര്‍ക് ആര്‍ ഹാള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നു.

അതേസമയം, ഇത് വെറും കുഴിയായിരുന്നില്ലെന്നും സതേണ്‍ കാലിഫോര്‍ണിയ ഗ്യാസ് കമ്പനിയുടെ സര്‍വീസ് ട്രഞ്ചാണെന്നും ലോസ് ഏഞ്ചല്‍സ്  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് വര്‍ക്ക് അധികൃതര്‍ അറിയിച്ചു. ഗ്യാസ് കമ്പനിയാണ് ഇത് നന്നാക്കേണ്ടിയിരുന്നതെന്നും അവര്‍ വ്യക്തമാക്കി.