'പുരുഷന്മാരാണ് ഏറ്റവും വലിയ അതിജീവിതർ' എന്ന രവിമോഹന്റെ പരാമർശത്തിന് മറുപടിയുമായി മുൻഭാര്യ ആരതി. ഒരു ഇൻസ്റ്റഗ്രാം കുറിപ്പ് തന്റെ സ്റ്റോറിയിൽ ഷെയർ ചെയ്താണ് ആരതിയുടെ മറുപടി. വിവാഹമോചനം പൂർത്തിയാവുന്നതിന് മുമ്പ് താരങ്ങൾ മറ്റുസ്ത്രീകൾക്കൊപ്പം പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനെ വിമർശിച്ചുകൊണ്ടുള്ള ഒരു സാമൂഹികമാധ്യമ ഉപയോക്താവിന്റെ പോസ്റ്റാണ് ആരതി സ്‌റ്റോറിയിൽ ഷെയർ ചെയ്തിരിക്കുന്നത്.

To advertise here,

'വിവാഹമോചനം പൂർത്തിയാവുംമുമ്പ് ആരതിയായിരുന്നു മറ്റൊരാൾക്കൊപ്പം ഒരേപോലുള്ള വസ്ത്രം ധരിച്ച് പുറത്തുപോയിരുന്നതെങ്കിൽ ആളുകൾ നിശബ്ദരായി ഇരിക്കുമായിരുന്നോ? അങ്ങനെ ചെയ്തതിന് ശേഷം സ്ത്രീകളാണ് ഏറ്റവും വലിയ ഇരകളെന്ന് അവർ പറഞ്ഞാൽ അംഗീകരിക്കുമായിരുന്നോ? ഇല്ലല്ലോ? അപ്പോൾ ഇതേകാര്യം ചെയ്തിട്ട്, ഇരവാദം മുഴക്കുന്ന പുരുഷന്മാരേയും ഞങ്ങൾ തുറന്നുകാട്ടും. ഇത് മേന്മയൊന്നുമല്ല, ക്രൂരസ്വഭാവമാണ്', എന്നായിരുന്നു കുറിപ്പ്.

വ്യക്തമായി കാര്യങ്ങൾ പറഞ്ഞതിന് നന്ദിയെന്ന് കുറിപ്പിന് താഴെ കമന്റിൽ ആരതി കുറിച്ചു. നിശബ്ദതയ്ക്കുപകരം സത്യസന്ധത തിരഞ്ഞെടുക്കുന്ന കരുത്തുറ്റ ശബ്ദങ്ങളോട് കടപ്പാടുണ്ടെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആരതി അടിക്കുറിപ്പായി ചേർത്തു.

തന്റെ നിഷ്‌കളങ്കത ഒരുനാൾ എല്ലാവർക്കും മനസിലാകുമെന്ന് അവകാശപ്പെടുന്ന കുറിപ്പിലായിരുന്നു രവി മോഹൻ ആരതിയെ പരോക്ഷമായി ലക്ഷ്യമിട്ടുകൊണ്ട് പരാമർശം നടത്തിയത്. 'ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്', രവി മോഹന്റെ വാക്കുകൾ.

സ്‌നേഹിക്കുന്നവർക്കായി താൻ എന്താണ് ചെയ്തതെന്നും തന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കണം. നിങ്ങളുടെ മോശം ചിന്തകൾ നിങ്ങൾക്കുള്ളിൽതന്നെ വയ്ക്കുക. താൻ തന്റെ വഴിക്ക് പോവുകയാണെന്നും രവി മോഹൻ കൂട്ടിച്ചേർത്തു.

ആരതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദവും വലിയ ചർച്ചയായിരുന്നു. രവി മോഹന്റെ പുതിയ നിർമാണക്കമ്പനിയുടെ പാർട്ണർകൂടിയാണ് കെനിഷ ഇപ്പോൾ.