വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നടി അനുശ്രീ. ആർക്കും ആരേയും എന്തും ചെയ്യാം എന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ചോദിച്ചു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി പ്രതികരിച്ചത്.

To advertise here,

'വിഴിഞ്ഞം സംഭവത്തിലെ വീഡിയോ ഇപ്പോൾ കാണാനിടയായി. എന്ത് മൈ.... ആണ് ഇവിടെ നടക്കുന്നത്, എന്താണ് ഇവിടെ നടക്കുന്നത്?. ആർക്കും ആരേയും എന്തും ചെയ്യാം. ആരെ എന്ത് ചെയ്താലും അത് തല്ലിയാലും കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ ലാഘവത്തോടെ ഇവിടെ നടക്കുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ? എന്ത് നിയമങ്ങളാണ് ഇവിടെ ഉള്ളത്? ആർക്കുവേണ്ടിയുള്ളതാണ് ഈ നിയമങ്ങൾ? കഷ്ടം തന്നെ. കള്ളും കഞ്ചാവും അടിച്ചുകേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ. ദൈവത്തിന്റെ സ്വന്തം നാട്...'-അനുശ്രീ കുറിച്ചു.

മുക്കോലയിലെ ബാറിന് സമീപമാണ് റോഡിൽവെച്ച് ആൾക്കൂട്ടം നോക്കിനിൽക്കെ സഹോദരങ്ങൾ സുമൻ എന്ന യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കണ്ടുനിന്നവർ ഇത് മൊബൈലിൽ പകർത്തുകയായിരുന്നു. സംഭവത്തിൽ സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.