ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ തകര്‍ച്ചയ്ക്ക് കാരണം നേതൃത്വസ്ഥാനത്ത് ഇരിക്കുന്ന ആദിത്യ ചോപ്രയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്.

To advertise here,

പുതിയ ചിത്രമായ 'ദൊബാര'യുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളിവുഡ് സിനിമകള്‍ സമീപകാലത്ത് തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ പിന്നിലെ കാരണം സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. യഷ് രാജ് ഫിലിംസിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് കാരണം ആദിത്യ ചോപ്രയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിനിമ നിയന്ത്രിക്കുന്നത്  രണ്ടാം തലമുറയില്‍പ്പെട്ടവരാലാണ്. ഒട്ടും പക്വതയില്ലാത്ത ഉത്തരവാദിത്തമില്ലാത്തവരാണവര്‍. യഷ് രാജ് ഫിലിംസിന് അതു തന്നെയാണ് സംഭവിക്കുന്നത്. ഒരു കഥയെടുക്കുന്നു അതില്‍ നിന്ന് പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആയി പുറത്തുവരുന്നു. മാഡ് മാക്‌സില്‍ നിന്ന് ഷംഷേരയുണ്ടാകുന്നു. ഷംഷേര മൂന്ന് നാല് കൊല്ലം മുന്‍പ് റിലീസ് ചെയ്തുവെങ്കില്‍ ചിലപ്പോള്‍ വിജയമാകുമായിരുന്നു. ഇന്ന് ആളുകള്‍ ഒടിടിയില്‍ മറ്റു സിനിമകള്‍ കാണുന്നുണ്ട്. 
 
തലപ്പത്തുള്ള ഒരാള്‍ ഗുഹയിലാണ് ഇരിക്കുന്നത്. പുറത്ത് എന്താണ് നടക്കുന്നതെന്ന് അയാള്‍ അറിയുന്നില്ല. അവിടെ ഇരുന്ന് ആളുകള്‍ എങ്ങനെ സിനിമ ചെയ്യണം എന്തു പറയണമെന്ന് അവര്‍ തീരുമാനിക്കുന്നു. സ്വന്തം കുഴി തോണ്ടുന്നു. ആദിത്യ ചോപ്ര ഒരു കൂട്ടം ആളുകളെ ജോലിക്കെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ മുന്നോട്ട് കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ ഭരിക്കുകയല്ല ചെയ്യേണ്ടത്. അതാണ് അദ്ദേഹം ചെയ്യുന്ന തെറ്റ്- അനുരാഗ് കശ്യപ് പറഞ്ഞു.