താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസില്‍ ഉള്‍പ്പെടേയുള്ളവര്‍ക്കെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടിക്കണക്കിന് ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിനെന്നായിരുന്നു ഒരഭിമുഖത്തില്‍ അനൂപ് ചന്ദ്രന്‍ പറഞ്ഞത്. യുവനടന്‍മാരില്‍ സെല്‍ഫിഷായ ഒരാളാണ് ഫഹദെന്നും  'അമ്മ' സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യ നസ്രിയയും എറണാകുളത്ത് ഉണ്ടായിരുന്നുവെന്നും എന്നിട്ടും പങ്കെടുത്തില്ലെന്നുമായിരുന്നു അനൂപിന്റെ വിമര്‍ശനം.

To advertise here,

ഫഹദിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള അനൂപിന്റെ ഈ പ്രസ്താവനകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. പങ്കെടുക്കാതിരുന്നതിന് കാരണം ചോദിക്കാതെ ഒരാളെ പൊതുസമൂഹത്തിലേക്ക് എറിഞ്ഞുകൊടുക്കരുതെന്നും ദുല്‍ഖര്‍ സല്‍മാന്‍,നിവിൻ പോളി എന്നിവരും പങ്കെടുത്തില്ലെന്നും വിമര്‍ശകന്‍ ചൂണ്ടിക്കാട്ടുന്നു. ഫഹദിന് താരമൂല്യമുള്ളതുകൊണ്ടാണ് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത്. അതിലേറെ മികച്ച നടനാണ്. അദ്ദേഹം വാങ്ങിക്കുന്നത് അധ്വാനത്തിനുള്ള പ്രതിഫലമാണ്. അതില്‍ വിഷമിച്ചിട്ടുകാര്യമില്ലെന്നും അനൂപ് ചന്ദ്രനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. 

'അമ്മ' പോലുള്ള ഒരു ചാരിറ്റി സംഘടനയുടെ യോഗത്തില്‍ ഫഹദ് ഫാസിലിനെപ്പോലുള്ളവര്‍ പങ്കെടുക്കേണ്ടതാണ്. യോഗം നടക്കുന്ന സമയത്ത് അദ്ദേഹം എറണാകുളത്ത് ഉണ്ടായിട്ടും പങ്കെടുക്കാതിരുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ കാരണം. ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോവുകകയാണ.് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം മേടിക്കുന്ന, 'അമ്മ' അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. 'എമ്പുരാന്റെ' ചിത്രീകരണം നടക്കുന്നത് ഇന്ത്യയ്ക്ക് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. 

എല്ലാ തരത്തിലും സംഘടനയുമായി സഹകരിക്കുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍. നിങ്ങളുടെ സിനിമയില്‍ അസോസിയേഷനിലെ ഇന്ന ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയ്യാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷററാണ് കുഞ്ചാക്കോ ബോബന്‍. നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെക്കാറുള്ളത്. പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവെച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവര്‍ക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല- അനൂപ് ചന്ദ്രന്‍ പറഞ്ഞു.