കയ്യിൽനിന്ന് പണം മുടക്കി ആളുകളെ സിനിമ കാണാൻ കൊണ്ടുവരേണ്ട ഗതികേടിലാണ് മലയാളസിനിമയിലെ നിർമാതാക്കളെന്ന് നടനും സംവിധായകനുമായ അനൂപ് മേനോൻ. ഒരു സിനിമ ചെയ്യുന്ന പണം തന്നെ ഇതിനായി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ചെക്ക്മേറ്റിന്റെ പ്രദർശനം കഴിഞ്ഞശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിയേറ്ററിൽ ആളുകൾ എത്താത്തതിനെക്കുറിച്ചാണ് അനൂപ് മേനോൻ സംസാരിച്ചുതുടങ്ങിയത്. ഒരു ചിത്രം റിലീസ് ചെയ്തശേഷമുള്ള ആദ്യത്തെ മൂന്നു ദിവസം ഒരു വലിയ തുക തിയറ്ററുകളിലേക്കിട്ട് ആളുകളെ കൊണ്ടുവരുക എന്നതാണ് മലയാള സിനിമയിൽ കണ്ടുവരുന്ന അപകടകരവും ദു:ഖകരവുമായ പ്രവണതയെന്ന് അനൂപ് മേനോൻ ചൂണ്ടിക്കാട്ടി. ഇതിലൂടെ ഏകദേശം ഒരു സിനിമ ചെയ്യാനുളള പണമാണ് തിയറ്ററിലേക്ക് ആളെ കൊണ്ടുവരാൻ നിർമാതാക്കൾ മുടക്കേണ്ടി വരുന്നത്. എന്നാൽ ഇങ്ങനെ പണം മുടക്കുന്നതിലൂടെ തിയറ്ററിൽ ആളുകൾ എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"ബുക്കിങ് മാത്രമേ നടക്കുന്നുള്ളൂ, അകത്തുകയറി നോക്കുമ്പോൾ 12 പേരേ കാണൂ പലപ്പോഴും. ഒരു സിനിമ വിജയിക്കേണ്ടതിന്റെ ശരിയായ രീതിയല്ല ഇതൊന്നും എന്ന് തോന്നുന്നു. പ്രേക്ഷകർ കണ്ട് മറ്റു പ്രേക്ഷകരിലേക്ക് എത്തുക എന്നല്ലാതെ ഒരു സിനിമ വിജയിക്കാൻ മറ്റൊരു മാർഗവുമില്ല. അമേരിക്കൻ മലയാളികളായ സുഹൃത്തുക്കളാണ് ചെക്ക്മേറ്റ് എന്ന സിനിമയ്ക്കു പിന്നിൽ. സിനിമയോടുള്ള ഇഷ്ടംകൊണ്ട് ചെയ്തതാണ്. കഴിഞ്ഞ നാലു വർഷങ്ങളാണ് ഈ സിനിമ ചെയ്തുതീർക്കാനെടുത്തത്. അവർ എത്ര തന്നെ ശ്രമിച്ചിട്ടും ഇവിടുത്തെ വലിയ വിതരണക്കാരൊന്നും ഈ സിനിമ വാങ്ങാൻ തയാറായില്ല. ട്രെയിലർ ലോഞ്ച് ചെയ്യാൻ പോലും ഒരു വലിയ പേരുകാരും മുന്നോട്ടു വന്നില്ല. അതൊക്കെ വലിയ വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്." അനൂപ് മേനോൻ പറഞ്ഞു.
പ്രദർശനത്തിന് ശേഷം ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ വരുന്നു എന്നതിൽ സന്തോഷമുണ്ട്. പക്ഷേ അതെല്ലാം ടിക്കറ്റുകളായി മാറുമോ എന്നതിൽ ഇനിയും ഒരുറപ്പും പറയാനാവില്ലെന്ന അവസ്ഥയാണ്. ചെക്ക്മേറ്റ് ഒരു സാധാരണ സിനിമയല്ല. ഈ സിനിമയ്ക്കു ഒരു പൂർവ മാതൃകയുമില്ല. ഇതുപോലൊരു സിനിമ സംഭവിക്കുന്നത് ഇവിടെ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ സിനിമയെ കാണാനും വിശ്വസിക്കാനും അംഗീകരിക്കാനും ഒരു കാലതാമസം പ്രേക്ഷകരുടെ ഭാഗത്ത് ഉണ്ടാകും. അത് എത്രയും വേഗം അവസാനിച്ച് പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനൂപ് മേനോൻ പറഞ്ഞു.
നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് അനൂപ് മേനോനും ലാലും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് ചെക്ക്മേറ്റ്. പൂർണമായും ന്യൂയോർക്കിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലുണ്ട്.
Content Highlights: anoop menon about checkmate movie and booking
Published: 12 Aug 2024, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented