തിരുവനന്തപുരം: തന്റെ ചിത്രങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ 2014-ന് മുന്‍പ് സെന്‍സര്‍ ബോര്‍ഡിനെതിരേ കോടതിയെ സമീപിക്കാനെങ്കിലും കഴിഞ്ഞിരുന്നുവെന്നും ഇപ്പോള്‍ അതിനുപോലും പ്രസക്തി ഇല്ലാത്തവിധം സെന്‍സര്‍ ബോര്‍ഡിനെ മാറ്റിയെന്നും പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. രാജ്യാന്തര ഹ്രസ്വചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

2014-ന് മുന്‍പും രാജ്യത്ത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പ്രയാസമായിരുന്നു. കോടതിയില്‍ പോരാടിയാണ് അതു നേടിയെടുത്തിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ 2014-ല്‍ തനിക്ക് ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി. എന്നാല്‍ അതിനുശേഷം മുംബൈ ഫിലിം ഫെസ്റ്റിവലില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ഐ.ഡി.എസ്.എഫ്.എഫ്.കെ.യില്‍ പ്രദര്‍ശിപ്പിച്ച തന്റെ സിനിമപോലും കാരണം പറയാതെ മുംബൈയില്‍ നിരസിച്ചു. സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജന്‍ ജാഗരണ്‍ സമിതിയുടെയും വേദികളില്‍ ഇരിക്കുന്നവര്‍ പറയുന്ന നിലപാടാണ് സെന്‍സര്‍ ബോര്‍ഡിലും വെച്ചുപുലര്‍ത്തുന്നത്. അതേ പ്രത്യയശാസ്ത്രമാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിനെയും മുംബൈ ഫെസ്റ്റിവല്‍ സെലക്ഷന്‍ കമ്മിറ്റിയെയും നയിക്കുന്നതെന്നും പട്‌വര്‍ധന്‍ ആരോപിച്ചു.

അര്‍ജന്റീനിയന്‍ സംവിധായകയായ മരിയ ഒനിസ്, റോഹന്‍ ആപ്തെ, റിയാസത് ഉല്ലാഹ് ഖാന്‍, ശശ്വത് ദ്വിവേദി, ആജാദ് സിങ് ഖിച്ചി, നീരജ് ദയാല്‍, അര്‍ഷഖ്, അച്യുത് ഗിരി, അബ്ദുല്‍ നികാഷ്, ഷഹല്‍ വിജെ, ദര്‍ശന്‍ ദീപ് ബരുഅ, ആകാശ്ദീപ് ബാനര്‍ജി എന്നിവരും പങ്കെടുത്തു.