കൊച്ചി: ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4കെ റീസ്റ്റോറേഷൻ ചെയ്ത ജോൺ എബ്രഹാം സിനിമയായ ’അമ്മ അറിയാൻ’ കാൻ 2026 ലോക പ്രീമിയറിലെ ഇന്ത്യയുടെ ഏക എൻട്രിയായി തിരഞ്ഞെടുത്തു. ലാഭേച്ഛയില്ലാതെ ഇന്ത്യൻ സിനിമകളെ റീസ്റ്റോർ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ. ചിത്രത്തിലെ നായകൻ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീനാപോൾ എന്നിവരും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്രസിങ് ദുംഗാർപൂറും ചേർന്ന് കാനിൽ ചിത്രം അവതരിപ്പിക്കും. 16-ന് വൈകീട്ട് 3.45-ന് കാനിലെ ബുനുവൽ തിയേറ്ററിലാണ് സ്ക്രീനിങ്.

To advertise here,

2001-ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ചിത്രമാണിത്. ഈ സിനിമയ്ക്കുലഭിക്കുന്ന മറ്റൊരു വലിയ ആഗോള അംഗീകാരമാകും കാനിലെ സ്ക്രീനിങ്. ചിത്രത്തിൽ സംഗീതം സുനിതയും സൗണ്ട് റെക്കോഡിങ് കൃഷ്ണനുണ്ണിയും കലാസംവിധാനം രമേഷുമാണ് നിർവഹിച്ചിരിക്കുന്നത്. ജോയ് മാത്യുവിനെക്കൂടാതെ മാജി വെങ്കടേഷ്, കുഞ്ഞിലക്ഷ്മി അമ്മ, ഹരിനാരായണൻ, നിലമ്പൂർ ബാലൻ, രാമചന്ദ്രൻ മൊകേരി, നസീം, വേണു കെ. മേനോൻ, ആനന്ദ്, റഷീദ്, ഹംസ, സത്യൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ വിപ്ലവാത്മക ശബ്ദങ്ങളിലൊന്നാണ് സംവിധായകൻ ജോൺ എബ്രഹാമെന്ന് ചലച്ചിത്ര സംവിധായകൻ കൂടിയായ ശിവേന്ദ്രസിങ് ദുംഗാർപൂർ പറഞ്ഞു. ’തമ്പ്’ (അരവിന്ദൻ), ’ഇശാനു’ (അരിബം ശ്യാം ശർമ), ’മന്ഥൻ’ (ശ്യാം ബെനഗൽ), ’ആരണ്യേർ ദിൻരാത്രി’ (സത്യജിത് റേ), ’ഗെഹേനു ലമൈ’ (സുമിത്ര പെരീസ്) എന്നീ ചിത്രങ്ങളാണ് 2022 മുതൽ 2025 വരെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ കാനിലെ റെഡ് കാർപ്പെറ്റ് ലോക പ്രീമിയറുകളിൽ എത്തിച്ച സിനിമകൾ. 1987-ൽ വിടപറഞ്ഞ ജോൺ എബ്രഹാം സംവിധാനംചെയ്ത നാല്ുസനിമകളിൽ അവസാനത്തേതായിരുന്നു ‘അമ്മ അറിയാൻ’.