ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദിന്റെ ആദ്യ ചിത്രമായ അമീറാ. ചിത്രം മേയ് മാസത്തിൽ ഒടിടി റിലീസിങ്ങിനൊരുങ്ങി. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണ ശേഷം കുട്ടികൾ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലനടി മീനാക്ഷിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മീനാക്ഷിയുടെ അച്ഛൻ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയും സഹോദരൻ ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നു വെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു. അയ്യപ്പനും കോശിയിലെ കുമാരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കോട്ടയം പുരുഷൻ, സംവിധായകൻ ബോബൻ സാമുവൽ, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.

ചിത്രത്തിന്റെ രചന അനൂപ് ആർ. പാദുവ, സമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസം കൊണ്ടാണ് അമീറയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും നിരവധി വെല്ലു വിളികാണ് അമീറയുടെ ക്രൂവിനു നേരിടേണ്ടി വന്നത്.

ameera poster

ജിഡബ്ല്യുകെ എന്റർടൈൻമെന്റ്സ്, ടീം ഡിസംബർ മിസ്റ്റ് എന്നിവരുടെ ബാനറിൽ അനിൽ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. പി. പ്രജിത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സനൽ രാജിയാണ്. സംഗീത സംവിധാനം അനൂപ് ജേക്കബ്.

Content highlights :ameera malayalam movie going to ott release starring meenakshi