ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്നു ഹൈദരാബാദിലെ ദില്‍സുഖ്‌നഗര്‍ സ്വദേശിയായ ഒമ്പതു വയസുകാരന്‍ തേജ്. ഈ ആരാധന കാരണം തേജിനെ കൂട്ടുകാര്‍ വിളിച്ചിരുന്നത് പുഷ്പ എന്നായിരുന്നു. ബുധനാഴ്ച അല്ലു അര്‍ജുന്റെ പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ അതിനാല്‍ തേജിന്റെ കടുത്ത നിര്‍ബന്ധം മൂലമാണ് മാതാപിതാക്കളായ ഭാസ്‌ക്കറും രേവതിയും സഹോദരി ഏഴു വയസുകാരി സാന്‍വികയും എത്തിയത്. എന്നാല്‍ പ്രീമിയര്‍ ഷോയ്‌ക്കെത്തിയ അല്ലു അര്‍ജുനെ കാണാന്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് തേജിന് നഷ്ടമായത് അമ്മ രേവതിയെ(39)യാണ്.

To advertise here,

ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ബുധനാഴ്ച രാത്രി 11 മണിക്ക് ആരാധകരുടെ വലിയ നിരതന്നെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിനു മുന്നിലുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി തിയേറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതിക്ക് ജീവന്‍ നഷ്ടമായത്.

തിയേറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ച രേവതിയും തേജും ഇതോടെ ശ്വാസം മുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇരുവര്‍ക്കും സിപിആര്‍ നല്‍കിയ ശേഷം ഉടന്‍ തന്നെ ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചായിരുന്നു രേവതിയുടെ മരണം. ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തേജിന്റെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലുംപെട്ട് ബോധരഹിതനായ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മകന്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായതുകൊണ്ടുമാത്രമാണ് തന്റെ കുടുംബം പ്രീമിയര്‍ ഷോ കാണാനെത്തിയതെന്ന് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌ക്കര്‍ പ്രതികരിച്ചു. ഭാര്യയുടെ വിയോഗം തനിക്ക് താങ്ങാനാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.