തിയേറ്ററിന്റെ മറ്റൊരു ചുമരിൽ പ്രശസ്തരായ നടന്മാരുടെ പേരുകൾ ഉൾപ്പെടുത്തിയ ബോർഡും വെച്ചിട്ടുണ്ട്. ഇതിൽ നിറയെ മലയാളനടന്മാരും ഉൾപ്പെട്ടിട്ടുണ്ട്.

നടൻ അല്ലു അർജുൻ ഹൈദരാബാദിൽ ആരംഭിച്ച ആഡംബര തിയേറ്ററായ അല്ലു സിനിമാസ് ഉദ്ഘാടനത്തിനുപിന്നാലെ വിവാദത്തിൽ. തിയേറ്ററിനുള്ളിലെ ലോഞ്ചിൽ സ്ഥാപിച്ചിട്ടുള്ള 'വാൾ ഓഫ് ഫെയിം'എന്നറിയപ്പെടുന്ന പ്രശസ്ത സംവിധായകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ചുമരാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലെ പ്രശസ്തരായ സംവിധായകരെ ആദരിക്കുന്നതിനായി ഒരുക്കിയ ഈ ചുമരിലെ ചില ചിത്രങ്ങളാണ് വിമർശനത്തിന് കാരണമായത്.
മാർച്ച് 12-ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് തിയേറ്റർ ഉദ്ഘാടനം ചെയ്തത്. എസ്.എസ്. രാജമൗലി, സന്ദീപ് റെഡ്ഡി വാംഗ, പ്രശാന്ത് നീൽ, ഋഷഭ് ഷെട്ടി, വെട്രിമാരൻ, അറ്റ്‌ലി, മണിരത്നം, ത്രിവിക്രം ശ്രീനിവാസ്, സുകുമാർ, രാജ്കുമാർ ഹിറാനി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളാണ് 'വാൾ ഓഫ് ഫെയിമിൽ' ഇടംപിടിച്ചിരിക്കുന്നത്. മലയാളികളുടെ പ്രയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ ചിത്രങ്ങളിലെ ഒരേയൊരു മലയാളി സംവിധായകനും അദ്ദേഹം തന്നെ. ഇന്ത്യൻ സിനിമയ്ക്ക് രൂപം നൽകിയ മാസ്റ്റർമാർക്കുള്ള ആദരവാണ് ഈ ചുവരെന്ന് ഇതിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു.
തെലുങ്കിലെ വിഖ്യാത സംവിധായകനായ സിങ്കിതം ശ്രീനിവാസ റാവു, തെലുങ്ക് സിനിമയിൽ പുതിയൊരു ആഖ്യാനശൈലി കൊണ്ടുവന്ന രാം ഗോപാൽ വർമ, തമിഴിലും തെലുങ്കിലും ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കി പേരുകേട്ട ഷങ്കർ എന്നിവരുടെ ചിത്രം വാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്താത്തതാണ് ഇപ്പോൾ വിവാദത്തിനിടയാക്കിയിരിക്കുന്നത്. കൂടാതെ കെവി റെഡ്ഡി, ജന്ധ്യാല, കോദണ്ഡ രാമി റെഡ്ഡി തുടങ്ങിയ പ്രമുഖ തെലുങ്ക് സംവിധായകരും ഈ ചിത്രങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടത് വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. എന്നാൽ, നിലവിലെ പട്ടികയിൽ ഉൾപ്പെട്ട പേരുകൾ പലതും പുതിയ കാലത്തെ സംവിധായകരുടേതാണെന്നും അത് സിനിമയുടെ ചരിത്രത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നില്ലെന്നുമാണ് ഒരു വിഭാഗം ആരാധകരുടെ വാദം.
ഷങ്കറിനെ തഴഞ്ഞ് അറ്റ്ലീയുടെ ചിത്രം വാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് പലരും ചോദിക്കുന്നുണ്ട്. കുറഞ്ഞ സിനിമകൾ മാത്രം ചെയ്തിട്ടുള്ള അറ്റ്‌ലിയെപ്പോലുള്ളവരെ ഇത്തരമൊരു 'വാൾ ഓഫ് ഫെയിമിൽ' ഉൾപ്പെടുത്തിയതിന്റെ മാനദണ്ഡം എന്താണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു. ഈ തിരഞ്ഞെടുപ്പ് വ്യക്തിപരമായ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അല്ലു അർജുന്റെ കരിയറുമായി അടുത്ത ബന്ധമുള്ളവർക്ക് മുൻഗണന നൽകിയിരിക്കാമെന്നുമുള്ള നിരീക്ഷണങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്.
കെ. വിശ്വനാഥ്, ദസരി നാരായണ റാവു, കെ. ബാലചന്ദർ, രാഘവേന്ദ്ര റാവു തുടങ്ങിയ ഇതിഹാസ സംവിധായകരുടെ ചിത്രങ്ങൾ തിയേറ്ററിലെ മറ്റൊരു ചുവരിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. തിയേറ്ററിന്റെ മറ്റൊരു ചുമരിൽ പ്രശസ്തരായ നടന്മാരുടെ പേരുകൾ ഉൾപ്പെടുത്തിയ ബോർഡും വെച്ചിട്ടുണ്ട്. ഇതിൽ നിറയെ മലയാളനടന്മാരും ഉൾപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, നസ്ലിൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ് എന്നിവരാണ് ഇതിലുള്ളത്. മമ്മൂട്ടിയെ മെഗാസ്റ്റാറെന്നും മോഹൻലാലിനെ ലാലേട്ടൻ എന്നുമാണ് ഈ ലിസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
അല്ലു സിനിമാസിലെ ഈ ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമായി തുടരുകയാണ്.
Content Highlights: Allu Arjun's new luxury multiplex 'Allu Cinemas' inaugurated in Hyderabad., Controversy sparked by the selection of directors on the 'Wall of Fame'., Notable exclusions include Shankar, Ram Gopal Varma, and legendary Telugu directors., Lijo Jose Pellissery is the only Malayali director featured on the wall., Several Malayalam actors, including Mammootty and Mohanlal, are honored on a separate wall.
Published: 13 Mar 2026, 08:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented