തെലുങ്ക് നടൻ അല്ലു അർജുന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ മൾട്ടിപ്ലക്‌സ് സിനിമാ തിയേറ്റർ അല്ലു സിനിമാസ് മാർച്ച് 18-ന് പ്രദർശനം ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും വലുതും ഹൈദരാബാദിലെ ആദ്യത്തേതുമായ ഡോൾബി സിനിമ ഉൾപ്പെടുന്ന മൾട്ടിപ്ലക്‌സിലെ ഉദ്ഘാടന ചിത്രം ബോളിവുഡിൽ നിന്നുള്ള ധുരന്ധർ 2: ദി റിവഞ്ച് ആണ്. ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ ഷോയാണ് ഇവിടെ ആദ്യമായി പ്രദർശിപ്പിക്കുക. നേരത്തേ മാർച്ച് 12-ന് തിയേറ്ററിന്റെ ഔദ്യോഗികമായ ഉദ്ഘാടനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർവ്വഹിച്ചിരുന്നു.

To advertise here,

ഹൈദരാബാദിലെ കൊകാപേട്ടിലെ അല്ലു സ്റ്റുഡിയോസ് കോംപ്ലക്‌സിലാണ് പുതിയ തിയേറ്റർ സ്ഥിതി ചെയ്യുന്നത്. 75 അടിയോളം വീതിയുള്ള സ്‌ക്രീനാണ് ഡോൾബി സിനിമയ്ക്കായി ഇവിടെ സജ്ജമാക്കിയത്. ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ഡോൾബി സിനിമാ സ്‌ക്രീനും ഏഷ്യയിലെ ഏറ്റവും വലിയ ഡോൾബി സ്‌ക്രീനുമാകും ഇത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അത്യാധുനിക സംവിധാനങ്ങളാണ് അല്ലു സിനിമാസിൽ ഒരുക്കിയിരിക്കുന്നത്. ഡോൾബി വിഷൻ 3ഡി പ്രൊജക്ഷനിലൂടെ ഉന്നതനിലവാരത്തിലുള്ള മിഴിവാർന്ന ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുക. ഒപ്പം ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം എല്ലാ ദിശയിൽ നിന്നുമുള്ള വ്യക്തമായ ഇമ്മേഴ്‌സീവ് ശബ്ദാനുഭവവും സമ്മാനിക്കും. നേരത്തേ ജനുവരി നാലിന് അല്ലു അർജുനും കുടുംബത്തിനുമായി പരീക്ഷണാടിസ്ഥാനത്തിൽ പ്രദർശനം നടത്തിയിരുന്നു.

ഹൈദരാബാദിലെ അമീർപേട്ടിലുള്ള ഏഷ്യൻ സത്യം മാളിലാണ് അല്ലു അർജുന്റെ ആദ്യ തിയേറ്റർ സ്ഥിതി ചെയ്യുന്നത്. 2023 ജൂണിലാണ് ഈ തിയേറ്റർ പ്രദർശനം ആരംഭിച്ചത്. ഏഷ്യൻ സിനിമാസുമായി ചേർന്നാരംഭിച്ച ഈ തിയേറ്റർ 'എഎഎ സിനിമാസ്' എന്നാണ് അറിയപ്പെടുന്നത്. അഞ്ച് സ്‌ക്രീനുകളുള്ള ഇവിടെ അല്ലു അർജുന്റെ ജീവിതരേഖ പ്രദർശിപ്പിക്കുന്ന എഎ ലോഞ്ചുമുണ്ട്. കൂടാതെ ഇവിടെ ഒരു സ്‌ക്രീനിൽ സാധാരണ പ്രൊജക്ടറിന് പകരം എൽഇഡി ബിഗ് സ്‌ക്രീനാണുള്ളത്.