സംവിധായകൻ അനീസ് ബസ്മിയുടെ അടുത്ത ചിത്രത്തിൽ താരജോഡികളായി എത്താനൊരുങ്ങുകയാണ് വിദ്യാ ബാലനും അക്ഷയ് കുമാറും. പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലേക്ക് വിമാനത്തിൽ പുറപ്പെടുന്ന ഇരുവരുടെയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

To advertise here,

‘അടുത്ത സ്റ്റോപ്പ്: ദൈവത്തിന്റെ സ്വന്തം നാട്, മാജിക്കൽ കേരളം. അനീസ് ബസ്മിയുടെ അടുത്ത ചിത്രം, വിദ്യാബാലനൊപ്പമുള്ള എന്റെ നാലാമത്തെ ചിത്രമാണ്. നമ്മുടെ ഈ കൂട്ടുകെട്ടിന്റെ ഭാഗ്യമായി ഇത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് അക്ഷയ് കുമാർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വിദ്യാബാലനുമായി കൊളബ് ചെയ്തുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഇരുവരും കൈപിടിച്ച് നടന്നുവരുന്നത് കാണാം. പിന്നീട് ആദ്യം വിദ്യാബാലൻ വിമാനത്തിലേക്ക് കയറുന്നു, പിന്നാലെ അക്ഷയ് കുമാറും.

ഇതിനുമുമ്പ്, 'ഹേയ് ബേബി' (2007), 'ഭൂൽ ഭുലൈയ്യ' (2007), 'മിഷൻ മംഗൾ' (2019) എന്നീ ചിത്രങ്ങളിലാണ് വിദ്യാ ബാലനും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ചത്. 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അക്ഷയ് സംവിധായകൻ അനീസ് ബസ്മിയുമായി വീണ്ടും ഒന്നിക്കുന്നത്.

'സിങ് ഈസ് കിങ്' (2008), 'വെൽകം' (2007), 'താങ്ക് യൂ' (2011) തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കായി ഇരുവരും മുമ്പ് ഒന്നിച്ചിരുന്നു. പുതിയ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് രണ്ടു മണിക്കൂറിനകംതന്നെ 3 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്.