അജിത്ത് നായകനാകുന്ന 'വിടാമുയര്‍ച്ചി' എന്ന സിനിമയ്‌ക്കെതിരേ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. വിടാമുയര്‍ച്ചിയുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷനെതിരേ പ്രമുഖ നിര്‍മാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്‌ചേഴ്‌സ് നോട്ടിസ് അയച്ചെന്നാണ് റിപ്പോര്‍ട്ട്. പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസ് ലഭിച്ചതായി തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

1997-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ റീമേക്കാണ് വിടാമുയര്‍ച്ചിയെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രത്തിന്റേതായി പുറത്തിറക്കിയ ടീസറിലും ഇരുചിത്രങ്ങളും തമ്മിലുള്ള സാദൃശ്യം ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക റീമേക്ക് അവകാശം ലഭിച്ചില്ലെന്നും പാരാമൗണ്ട് പിക്‌ചേഴ്‌സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചുമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ലൈക പ്രൊഡക്ഷന്‍സോ ചിത്രത്തിന്റെ അണിയറക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

മഗിഴ് തിരുമേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന  ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷന്‍ ചിത്രത്തില്‍ അജിത്തും തൃഷയും പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ഓം പ്രകാശ്, നിരവ് ഷാ എന്നിവരാണ് ഛായാഗ്രഹണം. അനിരുദ്ധിന്റേതാണ് സംഗീതം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്. അതിനിടയിലാണ് ചിത്രത്തെ ചുറ്റിപ്പറ്റി വിവാദം പുകയുന്നത്.