റേസിങ് സീസണ്‍ ആരംഭിക്കുന്നതുവരെ ഒരു സിനിമയുമായും കരാറിലേര്‍പ്പെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തമിഴകത്തെ സൂപ്പര്‍താരം അജിത് കുമാര്‍ ട്രാക്കിലോടി തുടങ്ങിയത്. സിനിമ പോലെ തന്നെ താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന റേസിങ് ട്രാക്കിലെ തിരിച്ചുവരവ് വൈകാരികമായ നിമിഷമായിരുന്നു അജിത്തിന്. ഒരു പതിറ്റാണ്ടോളമുള്ള കാത്തിരിപ്പ്. പരിശീലനത്തില്‍ അപകടം ആശങ്ക വിതച്ചപ്പോഴും പതറിയില്ല അജിത് കുമാര്‍. കാര്യമായ പരിക്കേല്‍ക്കാത്തതിനാല്‍ മുന്നോട്ടുതന്നെ കുതിച്ചു. ഒടുക്കം 24 എച്ച് ദുബായ് 2025 കാറോട്ട മത്സരത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി അയാള്‍ തിരിച്ചുവരവ് അവിസ്മരണീയമാക്കി. ജീവിതവീഥികളിലെല്ലായിപ്പോഴും ഒപ്പം ചേര്‍ത്തുപിടിച്ച ഭാര്യ ശാലിനിയെ പുണര്‍ന്ന് ആഹ്‌ളാദം പങ്കിട്ടു. കണ്ടുനിന്നവര്‍ക്കെല്ലാം സന്തോഷം പകര്‍ന്ന കാഴ്ച. വികാരനിര്‍ഭരമായിരുന്നു ദുബായ് യിലെ രംഗങ്ങള്‍.

To advertise here,

വിജയാഹ്‌ളാദത്തിനിടയില്‍ ശാലിനിയോടുള്ള സ്‌നേഹം എടുത്തുപറയുകയും ചെയ്തു അജിത്. ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി.- അജിത് പറഞ്ഞു. അജിത്തിന്റെ വാക്കുകള്‍ ശാലിനിയില്‍ ചിരിപടര്‍ത്തി. കൂടെയുണ്ടായവരെല്ലാം കയ്യടിച്ച് നടന്റെ വാക്കുകളെ ഏറ്റെടുത്തു. വിജയത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന രംഗങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. മകനെ കെട്ടിപ്പിടിക്കുന്നതും ശാലിനിയെ ചുംബിക്കുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധിപേർ ഈ നേട്ടത്തിൽ നടനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.

13 വർഷത്തിന് ശേഷമാണ് നടൻ ട്രാക്കിൽ വീണ്ടുമെത്തുന്നത്. റേസിങ് ട്രാക്കിലേക്കുള്ള നടന്റെ തിരിച്ചുവരവില്‍ ആദ്യം ആശംസ നേര്‍ന്നവരില്‍ ശാലിനിയുമുണ്ടായിരുന്നു. അജിത് കുമാര്‍ റേസിങ് കമ്പനി ആരംഭിച്ച് നടന്‍ ട്രാക്കിലേക്കുള്ള വഴിയില്‍ തിരിച്ചെത്താനുള്ള തീരുമാനമെടുത്തപ്പോള്‍ ശാലിനിയും കൂടെനിന്നു. റേസിങ് ഡ്രൈവറായി നിങ്ങള്‍ തിരിച്ചെത്തുന്നത് കാണുന്നത് സന്തോഷകരമാണ്. നിങ്ങള്‍ക്കും ടീമിനും സുരക്ഷിതവും വിജയകരവുമായ ഒരു റേസിങ് കരിയര്‍ ആശംസിക്കുന്നു- ശാലിനി അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഇപ്പോഴിതാ 24 എച്ച് ദുബായ് റേസിങ്ങില്‍ മൂന്നാമതായി ഫിനിഷ് ചെയ്തിരിക്കുകയാണ് താരം. ഈ വിവരം താരത്തിന്റെ മാനേജര്‍ എക്‌സിലൂടെ അറിയിക്കുകയായിരുന്നു. 991 വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയതായും അപകടത്തിനുശേഷമുള്ള ഉജ്ജ്വലതിരിച്ചുവരവെന്നും അദ്ദേഹം കുറിച്ചു. 

നേരത്തേ റേസിങ് പരിശീലനത്തിനിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍പെട്ടത്. ദുബായ് എയറോഡ്രോമില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പെടുമ്പോള്‍ അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയിരുന്നു. അതിവേഗത്തില്‍ ചീറിപ്പായുമ്പോള്‍ കാര്‍ ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. മുന്‍വശം തകര്‍ന്ന കാര്‍, പലതവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെത്തി അജിത്തിനെ പുറത്തിറക്കി.

2002-ല്‍ റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു. 2003-ല്‍, ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തു. 2004-ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3-ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കുറച്ചുകാലം കാത്തിരുന്ന് പിന്നീട് 2010-ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ അപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ.റേസിങ് താരം മാത്രമല്ല, 'അജിത് കുമാര്‍ റേസിങ്' എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയക്‌സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോര്‍ഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.