86-ാം വയസ്സിൽ അടൂർ സിനിമ സംവിധാനം ചെയ്യുന്നത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സമാനതകളില്ലാതെയാണ്.

മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്തിയ അടൂർ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം ‘പദയാത്ര’യുടെ ചിത്രീകരണം പുരോഗമിക്കുമ്പോൾ അത് മറ്റൊരുരീതിയിൽ ചരിത്രത്തിലിടം നേടുകയാണ്. 86-ാം വയസ്സിൽ അടൂർ സിനിമ സംവിധാനം ചെയ്യുന്നത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സമാനതകളില്ലാതെയാണ്. ഇതിനുമുമ്പ് മൃണാൾസെന്നാണ് 84-ാം വയസ്സിൽ അമർ ഭുവൻ എന്ന പടം ഒരുക്കിയത്.
പദയാത്രയുടെ പ്രധാന ലൊക്കേഷൻ കൊച്ചിയിലെ എഫ്എസിടിയും പരിസരവുമാണ്. വളരെ വിശാലമായ കോമ്പൗണ്ട് ആണ് ഫാക്ടിനുള്ളത്. ഏകദേശം 800 ഏക്കറോളം സ്ഥലം. കൃത്രിമമായി നിർമിച്ച എന്നാൽ സ്വാഭാവികത ജനിപ്പിക്കുന്ന തടാകം പ്രധാന ആകർഷണമാണ്. എം.കെ.കെ. നായർ എന്ന ഫാക്ടിന്റെ പ്രഥമ ചെയർമാന്റെ കാഴ്ചപ്പാടും സമീപനവും വ്യത്യസ്തമാക്കിയ ഫാക്ടിന്റെ സുവർണകാലത്തെ ഓർത്തുകൊണ്ട് അടൂർ ഗോപാലൻ പറഞ്ഞു; വള്ളത്തോൾ കഴിഞ്ഞാൽ കഥകളിക്ക് ഏറ്റവും വലിയ സംഭാവന നൽകിയ വ്യക്തി എം.കെ.കെ. നായരാണ്. ഫാക്ടിന് സ്വന്തം കഥകളി ട്രൂപ്പ് ഉണ്ടായിരുന്നു. പോയകാല പ്രൗഢിയുടെ നിഴൽ രൂപം മാത്രമാണ് ഫാക്ട് ഇന്ന്.
ആദിവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പദയാത്രയുടെ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ലൊക്കേഷൻ തന്നെയാണ് അടൂർ കണ്ടെത്തിയിരിക്കുന്നത്. പൂയംകുട്ടി വനമേഖലയിലെ ഊരുകളിലും ഇടയ്ക്ക് ഷൂട്ട് നടന്നിരുന്നു. എഫ്എസിടിയുടെ പല ഭാഗങ്ങളും വനം പോലെ പരന്നു കിടക്കുകയാണ്. ഇതിനു മുമ്പത്തെ അടൂർ പടങ്ങളിൽ നിന്ന് ഭിന്നമായി സെറ്റുകൾ കൂടുതലുള്ള പടമാണ് പദയാത്ര. ഈ പടത്തിന്റെ പ്രധാന ചെലവ് സെറ്റുകളുടെ നിർമാണം തന്നെയെന്ന് അടൂർ പറയുന്നു. ട്രൈബൽ ഊരും കുടിലും കൂടാതെ പ്രധാന നിർമാണം ട്രൈബലുകൾക്കായുള്ള വനമേഖലയിലെ തന്നെ ആശുപത്രിയാണ്.
നഗരത്തിൽ നല്ല നിലയിൽ നടന്നിരുന്ന ക്ലിനിക്കും പ്രാക്ടീസും വേണ്ടെന്നുവെച്ച് ട്രൈബൽ മേഖലയിൽ സേവനമനുഷ്ഠിക്കാൻ എത്തിയ ഡോക്ടർ ദേവദാസ് ആണ് പദയാത്രയിൽ മമ്മൂട്ടി. ഗാന്ധിയൻ ചിന്താഗതിയുമായി സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ സേവിക്കുന്നത് തന്റെ നിയോഗമായി ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ഡോക്ടർ ദേവദാസിന്റെ സഹായിയുടെ റോളാണ് ഇന്ദ്രൻസിന്.
സംവിധായകൻ കൃഷ്ണകുമാറിനൊപ്പം പദയാത്രയുടെ ലൊക്കേഷനിൽ പോയ അവസരത്തിൽ മമ്മൂട്ടിയും ഇന്ദ്രൻസും തമ്മിലെ കോമ്പിനേഷൻ രംഗമാണ് അടൂർ ചിത്രീകരിച്ചത്. ആശുപത്രിയും ഡോക്ടറുടെ വാസസ്ഥലവും എല്ലാം ഒരേ ബിൽഡിങ്ങിൽ തന്നെയാണ്. അവിടെ പ്രവർത്തനം ആരംഭിച്ച ഡോക്ടർ പതിയെ ട്രൈബലുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും സമസ്യങ്ങളും മനസ്സിലാക്കുകയും അതിനോട് തന്റേതായ രീതിയിൽ പ്രതികരിക്കുകയും ചെയ്യുന്നു. ആ സാഹചര്യത്തിൽ ഡോക്ടർക്ക് ട്രൈബൽസിനെ ചൂഷണം ചെയ്യുന്ന ഭൂവുടമകൾ, പോലീസ്, രാഷ്ട്രീയക്കാർ തുടങ്ങിയവരെ അഭിമുഖീകരിക്കേണ്ടി വരുന്നു. അങ്ങനെ ചില സംഘർഷങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. എന്നും എവിടെയും സത്യത്തിനും നീതിക്കും വേണ്ടി നിലയുറപ്പിക്കുന്ന ഡോക്ടർ ട്രൈബൽസിന്റെ സംരക്ഷകൻ ആകുന്നു. അടൂർ പറഞ്ഞു, 'ഇതൊരു രാഷ്ട്രീയ ചിത്രമല്ല. പ്രത്യക്ഷത്തിൽ രാഷ്ട്രീയ ചിത്രം അല്ലെങ്കിൽ തന്നെ സാമൂഹ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതിന് രാഷ്ട്രീയ മാനം കൈവരുന്നത് സ്വാഭാവികമാണെന്നു പറയാം.'
ഇതുവരെയുള്ള അടൂർ പടങ്ങളിൽ നിന്ന് വ്യത്യസ്തമായി മോഹൻകുമാർ എന്ന നോവലിസ്റ്റുമായി ചേർന്നുകൊണ്ടാണ് അദ്ദേഹം തിരക്കഥയും സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ലൊക്കേഷനിൽ മോണിറ്റർ നോക്കിയിരിക്കുന്ന അടൂർ ഗോപാലകൃഷ്ണനോടൊപ്പം സഹതിരക്കഥാകൃത്ത് മോഹൻ കുമാറിനെയും കാണാൻ കഴിഞ്ഞു. ഫാക്ട് കോമ്പൗണ്ടിന്റെ പല ഭാഗങ്ങളിലായാണ് പടത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത ലൊക്കേഷൻ ഷിഫ്റ്റ് തിരുവനന്തപുരം ആണെന്ന് അടൂർ പറഞ്ഞു. അദ്ദേഹത്തിന്റെ പതിമൂന്നാമത്തെ പടമായ പദയാത്രയുടെ ഷൂട്ട് ഒരു മാസത്തിലേറെയായി കൊച്ചിയിൽ നടക്കുന്നു. ആദ്യചിത്രമായ സ്വയംവരത്തിൽ എന്നപോലെ പദയാത്രയിലും സിങ്ക് സൗണ്ട് ആണ് ഉപയോഗിക്കുന്നത്. രണ്ടാം ചിത്രമായ കുടിയേറ്റത്തിൽ ബിജിഎം ഇല്ലാതെ സ്വാഭാവിക ശബ്ദങ്ങൾ മാത്രമായിരുന്നു ചേർത്തിരുന്നത്.
ചിത്രീകരണത്തിന്റെ ശാരീരിക വിഷമതകളെ കുറിച്ച് ആരാഞ്ഞപ്പോൾ അടൂർ പറഞ്ഞു; “ഒരിക്കൽ ഷൂട്ട് തുടങ്ങിയാൽ പിന്നെ പടം മാത്രമാണ് മനസ്സിൽ. അതിന്റേതായ എനർജിയുണ്ട്”. മൃണാൾ സെന്നിന്റെ റെക്കോർഡ് തിരുത്തിയ കാര്യം പറഞ്ഞപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അടൂർ പ്രതികരിച്ചു; “മൃണാൾ ദായുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. ഇൻഫാക്ട് റെയ്, ഘട്ടക്, സെൻ മൂവരും വേണ്ടപ്പെട്ടവരും അടുത്ത് ഇടപഴകിയവരും ആയിരുന്നു. ലോകസിനിമയിൽ 90-ം വയസ്സിൽ സിനിമ ചെയ്തത് ഗോദാർദ് ആണ്”.
ക്യാമറമാൻ ഷംനാദ് ജലാൽ, കലാ സംവിധായകൻ ഷാജി തുടങ്ങി, മമ്മൂട്ടി കമ്പനി നിർമിക്കുന്ന പദയാത്രയുടെ അണിയറ പ്രവർത്തകരിൽ ഭൂരിഭാഗവും അടൂരിന്റെ കൂടെ ആദ്യമായി വർക്ക് ചെയ്യുന്നവരാണ്. മമ്മൂട്ടിയും ഇന്ദ്രൻസും കൂടാതെ പ്രൊഫസർ അലിയാർ, നന്ദു ശ്രീകുമാർ, ഗ്രേസ് ആന്റണി തുടങ്ങിയവരും പദയാത്രയിൽ അഭിനയിക്കുന്നു. ട്രൈബൽ സമൂഹത്തിൽ നിന്നുതന്നെയുള്ള ഒരു ടീച്ചർ ആണ് ചിത്രത്തിൽ പ്രൊഫസർ അലിയാർ.
മമ്മൂട്ടിയും ഇന്ദ്രൻസും ചേർന്ന് അഭിനയിച്ച രംഗം ചിത്രീകരിച്ച ശേഷം അടൂർ ബ്രേക്ക് പറഞ്ഞു. അടൂരിന്റെ പ്രിയങ്കരനായ ദീർഘകാല സഹപ്രവർത്തകനായ മീര സാഹിബ് കൂടെയുണ്ട്. കഴിഞ്ഞ രണ്ടു പടങ്ങളിലും സഹസംവിധായകനായിരുന്ന സന്തോഷ് ഇത്തവണയും സജീവമായി ഉണ്ട്. പ്രൊഡക്ഷൻ സൈഡിൽ മമ്മൂട്ടി കമ്പനി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിന് ശേഷം അടൂരിനും മീരയ്ക്കും ഒപ്പം ലഞ്ച് കഴിച്ച ശേഷമാണ് ഞങ്ങൾ പദയാത്രയുടെ ലൊക്കേഷനിൽ നിന്ന് മടങ്ങിയത്.
Content Highlights: Explore Adoor Gopalakrishnan`s `Padayatra`, a Malayalam film featuring extensive sets.
Published: 21 Feb 2026, 12:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented