ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമാർന്ന സിനിമകളിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ നടനാണ് അദിവി ശേഷ്. ക്ഷണം, ​ഗുഡാചാരി, എവരു എന്നിങ്ങനെ തുടർച്ചയായ ഹിറ്റുകൾ സമ്മാനിച്ച താരം പുതിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തെലുങ്കിലെ താരങ്ങളുടെ പേരിനൊപ്പമുള്ള  വിശേഷണങ്ങളോട് താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദിവി.

To advertise here,

തന്റെ പുതിയ ചിത്രമായ മേജറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ആരാധകരുമായുള്ള സംസാരത്തിനിടെയാണ് അദിവി നിലപാട് തുറന്നുപറഞ്ഞത്. ത്രില്ലിങ് സ്റ്റാർ എന്ന് അദിവിയെ വിശേഷിപ്പിക്കുന്നുണ്ടല്ലോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇത്തരം കാര്യങ്ങളിൽ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞത്. തന്റെ  ചിത്രങ്ങളിൽ ശക്തമായ ഉള്ളടക്കമാണുള്ളത്. അതുകൊണ്ട് ഒരു ഹീറോ ടാ​ഗ് ലൈൻ ആവശ്യമില്ല. മേജർ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തെലുങ്കിലെ മിക്ക താരങ്ങളും പേരിനൊപ്പം വിശേഷണങ്ങൾ ചേർക്കാറുണ്ട്. ആരാധകർ ഇത് വലിയരീതിയിലാണ് കാണുന്നതും. ചിരഞ്ജീവിക്ക് മെ​ഗാസ്റ്റാർ എന്നും നാ​ഗാർജുനയ്ക്ക് കിം​ഗ് എന്നും പവൻ കല്യാണിന് പവർ സ്റ്റാർ എന്നുമാണ് വിളിപ്പേരുകൾ. ഇതിൽ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം പവൻ കല്യാൺ തന്നെ ഇനി പവർ സ്റ്റാർ എന്ന് വിശേഷിപ്പിക്കരുതെന്ന് നിലപാടെടുത്തിരുന്നു.

സിനിമയിൽ സജീവമായശേഷം അല്ലു അർജുൻ ഐക്കൺ സ്റ്റാറെന്നും സുധീർ ബാബു  നിട്രോ സ്റ്റാറെന്നുമുള്ള വിശേഷണങ്ങൾ സ്വീകരിച്ചിരുന്നു. സൂപ്പർ സ്റ്റാർ എന്നാണ് മഹേഷ് ബാബു ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. രാംചരൺ തേജയാകട്ടെ മെ​ഗാ പവർ സ്റ്റാർ എന്ന പേരിലും. ഇവർക്കിടയിലാണ് യാതൊരു വിശേഷണങ്ങളിലും താത്പര്യമില്ല എന്നുപറഞ്ഞ് അദിവി ശേഷ് വ്യത്യസ്തനാവുന്നത്.