2017 ഫെബ്രുവരി 17 കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് നടി ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നത്. തൊട്ടടുത്ത ദിവസംതന്നെ പ്രതികള്‍ ഓരോരുത്തരായി പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ നടന്‍ ദിലീപിലേക്ക് അന്വേഷണം നീണ്ടു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 28-ന് ദിലീപിനെ പോലീസ് ചോദ്യംചെയ്യുകയും ജൂലായ് 10-ന് നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നീണ്ട വിചാരണാ നടപടികള്‍ക്കൊടുവിലാണ് കേസില്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടത്.

To advertise here,

ഗുരുതര ആരോപണങ്ങള്‍ അന്ന് നേരിട്ടിരുന്ന നടന്‍ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘട നയായ 'അമ്മ' പ്രത്യേക ജനറല്‍ ബോഡി വിളിച്ച് രഹസ്യ വോട്ടെടുപ്പ് നടത്തിയിരുന്നു. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി അത് തീരുമാനിച്ചത്. രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി 'അമ്മ' നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു മുകേഷിന്റെ വാദം. തുടര്‍ന്നാണ് വോട്ടെടുപ്പ് എന്ന നിര്‍ദേശമുയര്‍ന്നത്. അടുത്ത ജനറല്‍ബോഡിയില്‍ പരസ്യവോട്ടെടുപ്പ് ആകാമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ ആണ് പറഞ്ഞത്. ജോയ് മാത്യു ഇതിനെ എതിര്‍ത്തു. പരസ്യവോട്ടെടുപ്പ് സത്യസന്ധമാകില്ലെന്നും പലതരത്തിലുള്ള ഭീഷണികള്‍ക്ക് സാധ്യതയുണ്ടെന്നും അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ മടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒടുവില്‍ മോഹന്‍ലാല്‍ രഹസ്യവോട്ടെടുപ്പെന്ന നിര്‍ദേശംവെക്കുകയായിരുന്നു.

നടിക്കൊപ്പമെന്ന് അമ്മ
ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണെന്നാണ് ഒടുവില്‍ താരസംഘടനയായ 'അമ്മ'പ്രഖ്യാപിച്ചത്. ഈ തീരുമാനം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ചത് ജനറല്‍ സെക്രട്ടറി മമ്മൂട്ടിയാണ്. സിനിമയില്‍ ക്രിമിനലുകളുണ്ടാകുന്നത് നാണക്കേടാണെന്ന് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടു.

അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സംഘടനയില്‍ അഴിച്ചുപണി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അഭിനേതാക്കളുടെ ക്ഷേമത്തിനായി രൂപവത്ക്കരിച്ച അമ്മയ്ക്ക് ഏതെങ്കിലും ഒരു പക്ഷത്തോട് പ്രതിപത്തിയില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.

ദിലീപിന്റെ പ്രാഥമിക അംഗത്വവും ട്രഷറര്‍ സ്ഥാനവും റദ്ദ് ചെയ്യാനാണ് അമ്മയുടെ അടിയന്തിര എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചത്. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും ദിലീപിനെ പുറത്താക്കി. ഇതോടെ സിനിമാരംഗത്തെ എല്ലാ സംഘടനകളില്‍നിന്നും ദിലീപ് പുറത്തായിരുന്നു.

'അമ്മ'യുടെ ആവശ്യപ്രകാരം ദിലീപ് രാജിവെച്ചുവെന്ന് അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദിലീപ് വിഷയത്തിന് പരിഹാരമായെന്നും 'അമ്മ'യുടെ ആവശ്യപ്രകാരം ദിലീപ് സംഘടനയില്‍നിന്ന് രാജിവെച്ചെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഒക്ടോബര്‍ 10-നാണ് ദിലീപിന്റെ രാജിക്കത്ത് ലഭിച്ചതെന്നും ഡബ്ല്യു.സി.സി.യുടെ പ്രധാന വിഷയമായി ഇത് മാറുന്നതിനുമുമ്പേ ദിലീപിന്റെ രാജി പരിഗണിച്ചിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടിമാരുടെ രാജി വലിയൊരു പ്രശ്നമല്ല എന്ന വിലപാടായിരുന്നു അമ്മയുടേത്. സംഘടനയില്‍നിന്ന് ചിലര്‍ രാജിവെച്ച സംഭവം കാര്യമാക്കുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രാജിവെച്ചുപോയവരെ തിരിച്ചെടുക്കണമെന്ന് ഡബ്ല്യു.സി.സി. അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. രാജിവെച്ചവര്‍ക്ക് അമ്മയിലേക്ക് തിരികെ വരാം. പക്ഷേ, അതിനുള്ള അപേക്ഷ നൽകുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഡബ്ല്യൂസിസി
നടിക്കുനേരെയുണ്ടായ അതിക്രമമാണ് മലയാള സിനിമാ മേഖലയില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് കാരണമായത്. 2017 നവംബര്‍ 1-ന് കേരളത്തിലെ ഒരു സൊസൈറ്റിയായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് വനിതാ സിനിമാ കളക്ടീവ് (WCC). നടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്ന് 2017 മെയ് മാസത്തിലാണ് മലയാള സിനിമാ വ്യവസായത്തിലെ ലിംഗ അസമത്വങ്ങളും അരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും പരിഹരിക്കുന്നതിനായി സിനിമാ രംഗത്തെ അഭിനേതാക്കളും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്ന് ഇത് ഒരു അനൗദ്യോഗിക കൂട്ടായ്മയായി ആരംഭിച്ചത്. മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയ പ്രമുഖ നടിമാരായിരുന്നു ഇതിന്റെ സ്ഥാപക അംഗങ്ങളില്‍ ഉണ്ടായിരുന്നത്.