നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട് ഒരു കാര്യംപോലും അറിയാതെയാണ് പലരും കമന്റുകളിടുന്നതെന്ന് അഞ്ജലി നായർ വീഡിയോയിൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിനുശേഷം തനിക്കെതിരെ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടക്കുന്നതായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലുള്ളത്. ഇതിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ട് അഞ്ജലി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട് ഒരു കാര്യംപോലും അറിയാതെയാണ് പലരും കമന്റുകളിടുന്നതെന്ന് അഞ്ജലി നായർ വീഡിയോയിൽ പറഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് രാഷ്ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ട്രോൾ ചെയ്തുകൊണ്ടിരുന്ന ഒരുപാട് സഹോദരങ്ങൾ എനിക്ക് വ്യക്തിപരമായി മെസ്സേജ് അയച്ചിരുന്നു. വെറുമൊരു തമാശയുടെ ഭാഗമായിട്ടാണ് ട്രോളുകൾ ചെയ്തതെന്നും ഒന്നും വിചാരിക്കരുത് എന്നും പറഞ്ഞ് അവർ കാണിച്ച ആ ഒരു സ്നേഹം കണ്ടപ്പോൾ സത്യത്തിൽ വലിയ സന്തോഷം തോന്നി. അവർക്കെല്ലാം എന്റെ ഉള്ളുനിറഞ്ഞ നന്ദി ഞാൻ അറിയിക്കുകയാണ്. പക്ഷേ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിലർ പങ്കുവെക്കുന്ന ഒരു പോസ്റ്റ് കുറച്ച് കടന്നുപോയി എന്ന് പറയാതെ വയ്യ. മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലും എഴുതി വിടുമ്പോൾ കാര്യങ്ങൾ ഒന്ന് പഠിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ആ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: ‘‘ജയിപ്പിച്ച് എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി, 35 ലക്ഷം രൂപ ചെലവായി, പക്ഷേ 3500 വോട്ട് പോലും കിട്ടിയില്ല. ഒരുത്തനെയും ഞാൻ വെറുതെ വിടില്ല - അഞ്ജലി മേനോൻ'. ആ പേര് തന്നെ തെറ്റാണ്.
ആദ്യംതന്നെ പറയട്ടെ, ഇതിൽ പറയുന്ന കണക്കുകൾ എവിടെ നിന്ന് കിട്ടിയതാണ്? 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? പിന്നെ ഈ 35 ലക്ഷത്തിന്റെ കഥ. രാഷ്ട്രീയത്തിലേക്ക് വരുന്നതിനും എത്രയോ കാലം മുൻപ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു, ജീവിതത്തിൽ പല സാഹചര്യങ്ങളിലായി പലരെയും ഞാൻ സഹായിച്ചിട്ടുണ്ടെന്നും അങ്ങനെ ഏകദേശം 35 ലക്ഷം രൂപ എനിക്ക് തിരിച്ചു കിട്ടാനുണ്ടെന്നും. ആ പഴയ കാര്യം എടുത്ത് ഇപ്പോൾ ഇലക്ഷന്റെ മേൽ കെട്ടിവെക്കുന്നത് എന്തിനാണ്? ഇലക്ഷന് വേണ്ടി ഞാൻ പൈസ കൊടുത്തു എന്നൊക്കെ പറയുന്നത് വെറും നുണയാണ്.
എന്തിനാണ് ഇങ്ങനെ ഓരോ അസത്യങ്ങൾ പറഞ്ഞുണ്ടാക്കുന്നത്? നിങ്ങൾക്ക് എന്ത് സുഖമാണ് ഇങ്ങനെയെല്ലാം പറയുമ്പോൾ ലഭിക്കുന്നത്? എല്ലാവരെയും വിളിച്ച് കാര്യങ്ങൾ ബോധിപ്പിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഇത് പറയുന്നത്. 'തോറ്റ എം.എൽ.എ എന്തിനാണ് വീണ്ടും വന്ന് സംസാരിക്കുന്നത്' എന്ന് ചോദിച്ച് പലരും കമന്റ് ബോക്സിൽ വരും എന്നറിയാം. പക്ഷേ, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. ദയവുചെയ്ത് ബ്ലണ്ടറുകൾ പോസ്റ്റ് ചെയ്യരുത്. തോറ്റ എംഎൽഎ എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്. അതൊരു രസമുണ്ട്.
സിനിമയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിൽ വന്നത് എന്ന് ചിലർ പരിഹസിക്കുന്നത് കണ്ടു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ സിനിമകൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് തന്നെയാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്. അത് വളരെ വൃത്തിയിൽ ആലോചിച്ചെടുത്ത തീരുമാനമാണ്. ജനങ്ങളെ സേവിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ വന്നത്. അതുകൊണ്ട് തന്നെ, ഒരു തിരഞ്ഞെടുപ്പിൽ തോറ്റു എന്ന് കരുതി ഒരടി പോലും പിന്നോട്ട് വയ്ക്കാൻ ഞങ്ങളില്ല. ഇവിടെത്തന്നെയുണ്ടാകും. സിനിമയും ബിസിനസും എല്ലാമുണ്ടാകും. അസത്യപ്രചരണങ്ങൾ കണ്ടാൽ പ്രതികരിക്കുകതന്നെ ചെയ്യും." അഞ്ജലി നായർ പറഞ്ഞു.
Content Highlights: Actress Anjali Nair has released a video debunking viral social media claims that she was cheated of 35 lakh by middlemen promising an election victory, clarifying that the money mentioned was a personal loan from years ago and unrelated to her political career.
Published: 09 May 2026, 01:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented