വിദ്യാർഥികൾക്ക് പിന്നാലെ കർഷകർക്കുവേണ്ടി പുതിയപദ്ധതിയുമായി നടൻ വിജയ്. ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകാനാണ് പദ്ധതി. തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും.

To advertise here,

ഒരോമണ്ഡലങ്ങളിൽനിന്ന് അർഹരായകർഷകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ വിജയ് സംഘടനാ നേതാക്കൾക്ക് നിർദേശംനൽകി. ഒരോമണ്ഡലത്തിലും വിദ്യാർഥികൾക്ക് ട്യൂഷൻനൽകാൻ പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കർഷകർക്ക് വേണ്ടിയും പദ്ധതിനടത്താൻ ഒരുങ്ങുന്നത്.

രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായിട്ടുള്ള നടപടികളായിട്ടാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. പഠനകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതേസമയം കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകുന്നപദ്ധതി വിശദമായ കണക്കെടുപ്പിന് ശേഷമാകും നടപ്പാക്കുക.

കൂടാതെ, തമിഴ്‌നാട് മുൻമുഖ്യമന്ത്രി കെ.കാമരാജിന്റെ ജന്മദിനം ദളപതി വിജയ് മക്കൾ ഇയക്കം സംസ്ഥാന വ്യാപകമായി ആഘോഷിക്കും. ശനിയാഴ്ചയാണ് കാമരാജിന്റെ ജന്മദിന വാർഷികം. സംസ്ഥാനത്ത് വിവിധയിടങ്ങളിലുള്ള കാമരാജ് പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഇതിനൊപ്പം വിദ്യാഭ്യാസ സഹായ വിതരണവും നടത്തും.