ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് നായകനായ ജനനായകൻ റിലീസ് ഇനിയും വൈകും. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചൊവ്വാഴ്ച ഈ ഉത്തരവിട്ടത്. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു.
സെൻസർ ബോർഡിന് (CBFC) മറുപടി നൽകാൻ മതിയായ അവസരം നൽകിയശേഷം സിംഗിൾ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു. ഹർജിയിൽ ഭേദഗതി വരുത്താൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിനും കോടതി അനുമതി നൽകിയിട്ടുണ്ട്. സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാതെ കേസിലെ വസ്തുതകളിലേക്ക് സിംഗിൾ ബെഞ്ച് കടക്കാൻ പാടില്ലായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ഈ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ ഇനിയും വൈകുമെന്നതിനാൽ ചിത്രത്തിന്റെ റിലീസ് വൈകും. ഫെബ്രുവരി 16 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും കോടതി നടപടികൾ നിലനിൽക്കെ അതിന് സാധ്യതയില്ല.
നടൻ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ', സി.ബി.ഐ. സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനെത്തുടർന്നാണ് നിയമക്കുരുക്കിലായത്. സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജനുവരി 9-ന് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ ഇതിനെതിരെ സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും അതേ ദിവസം തന്നെ സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
Content Highlights: Big Blow for Thalapathy Vijay Fans: 'Jananayakan' Release Pushed Further After Court Ruling
Published: 27 Jan 2026, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented