ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ പങ്കെടുക്കാനെത്തി തെന്നിന്ത്യൻ താരം സൂര്യയും മകൻ ദേവും. ചെന്നൈ സിങ്കംസും അഹമ്മദാബാദ് ലയൺസും തമ്മിലുള്ള പോരാട്ടം കാണാനാണ് സൂര്യ മകനൊപ്പം എത്തിയത്. ചെന്നൈ സിങ്കംസ് ടീമിന്റെ ജേഴ്സിയണിഞ്ഞാണ് 15-കാരനായ ദേവ് ഗാലറിയിലെത്തിയത്. മൈതാനത്ത് അഹമ്മദാബാദ് ടീം ഉടമയും ബോളിവുഡ് താരവുമായ അജയ് ദേവ്ഗണും സൂര്യയും തമ്മിലുള്ള കൂടിക്കാഴ്ച ആരാധകർ ഏറ്റെടുത്തു. മൈതാനത്ത് സിങ്കവും ലയൺസും ഏറ്റുമുട്ടുമ്പോൾ, പിന്തുണയ്ക്കായി തിരശീലയിലെ സിങ്കങ്ങളുമെത്തിയത് കൗതുകമായി. ‘ജൂനിയർ സിങ്കം’ എന്നാണ് ആരാധകർ ദേവിനെ വിശേഷിപ്പിച്ചത്.

To advertise here,

ടോസ് ഇടാനായി ഇരുവരും പിച്ചിലേക്കെത്തിയപ്പോൾ ഗാലറിയിൽനിന്ന് വലിയ കരഘോഷമായിരുന്നു. ചെന്നൈ ടീമിന് പിന്തുണ നൽകാനെത്തിയ സൂര്യയുടേയും മകന്റെയും ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. ‌

സിങ്കം സിനിമയെ ഇത്രയേറെ സ്നേഹിക്കുന്ന ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ സംസാരിച്ചുതുടങ്ങിയത്. സിങ്കം എന്നത് ഇപ്പോൾ ഒരു ബ്രാൻഡായി മാറിയിരിക്കുന്നു എന്ന് സൂര്യ പറഞ്ഞു.

ദേവ് അച്ഛനെ പോലെ തന്നെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. 'ദേവിനും സൂര്യയുടെ കണ്ണുകളുടേ അതേ വശ്യതയുണ്ടെന്ന്' ഒരു ആരാധകൻ അഭിപ്രായപ്പെട്ടപ്പോൾ, 'ക്ഷമിക്കണം സൂര്യ ഞങ്ങളുടെ ശ്രദ്ധ ഇന്ന് ജൂനിയർ സിങ്കത്തിലാണ്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'ദേവ് കാണാൻ വളരെ സൗമ്യനാണ്' എന്നും ഒരാൾ അഭിപ്രായപ്പെട്ടു.

സൂര്യയുടെ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ സിങ്കത്തിന്റെ ഹിന്ദിപതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാന വേഷത്തിലെത്തിയത്. പരമ്പരയായി പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പുകളും വലിയ ഹിറ്റായിരുന്നു.

2006 സെപ്റ്റംബറിലാണ് സൂര്യയും നടി ജ്യോതികയും വിവാഹിതരായത്. 1999-ൽ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലായത്. ദേവിനെ കൂടാതെ ദിയ എന്ന മകളും ഇവർക്കുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'റെട്രോ' (2025) എന്ന ചിത്രത്തിലാണ് സൂര്യ അവസാനമായി അഭിനയിച്ചത്. ആർ.ജെ. ബാലാജിയുടെ 'കറുപ്പ്', വെങ്കി അറ്റ്‌ലൂരിയുടെയും ജിത്തു മാധവന്റെയും പേരിടാത്ത ചിത്രങ്ങൾ എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമകൾ.