കേവലം വാക്കുകൾ കൊണ്ട് തന്റെ കടപ്പാട് ഒതുക്കാൻ കഴിയില്ലെന്നും, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു വലിയ കടപ്പാടാണിതെന്നും അദ്ദേഹം കുറിച്ചു.

തന്റെ കുടുംബത്തിന് നൽകിയ കരുതലിനും പിന്തുണയ്ക്കും നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്ക്ക് വൈകാരികമായ നന്ദി അറിയിച്ച് നടൻ ശന്തനു ഭാഗ്യരാജ്. പ്രശസ്ത സംവിധായകനും നടനുമായിരുന്ന തന്റെ പിതാവ് കെ. ഭാഗ്യരാജിന്റെ വിയോഗത്തിൽ കുടുംബത്തിന് താങ്ങായി നിന്നതിനാണ് ശന്തനു തന്റെ നന്ദിക്കുറിപ്പ് പങ്കുവെച്ചത്. ജൂൺ 27-ന് 73-ാം വയസ്സിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് കെ. ഭാഗ്യരാജ് അന്തരിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) ശാന്തനു തന്റെ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചത്. കേവലം വാക്കുകൾ കൊണ്ട് തന്റെ കടപ്പാട് ഒതുക്കാൻ കഴിയില്ലെന്നും, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു വലിയ കടപ്പാടാണിതെന്നും അദ്ദേഹം കുറിച്ചു. കുറിപ്പിന്റെ തുടക്കത്തിൽ വിജയ്‌യെ മുഖ്യമന്ത്രി എന്ന് ആദരവോടെ അഭിസംബോധന ചെയ്ത ശന്തനു, കുറിപ്പിന്റെ അവസാനം വിജയ് അണ്ണാ എന്നാണ് വിളിച്ചിരിക്കുന്നത്. "ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിങ്ങളോടുള്ള നന്ദി എങ്ങനെ അറിയിക്കണമെന്ന് അറിയില്ല. ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും. എന്റെ വിവാഹത്തിന് നിങ്ങളാണ് എന്റെ കൈകളിലേക്ക് താലി എടുത്തുതന്നത്. അതിനുള്ള നന്ദി പോലും ഞാൻ പറഞ്ഞു തീർന്നിട്ടില്ല." ശന്തനു കുറിച്ചു.
തന്റെ പിതാവിന്റെ മരണവാർത്ത അറിഞ്ഞ് വീട്ടിലെത്തിയ മുഖ്യമന്ത്രിയുടെ പെരുമാറ്റം ശാന്തനുവിനെ ഏറെ സ്പർശിച്ചു. ദുഃഖിതയായ തന്റെ അമ്മ പൂർണ്ണിമ ഭാഗ്യരാജിനെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവി മാറ്റിവെച്ച് വിജയ് അവരുടെ മുന്നിൽ വിനയപൂർവ്വം മുട്ടുകുത്തി ഇരുന്ന കാര്യം ശന്തനു എടുത്തു പറഞ്ഞു. ആ ദുഃഖകരമായ ദിനത്തിൽ വിജയ്‌യുടെ ഈ പ്രവൃത്തി തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
"എന്റെ അച്ഛൻ മരിച്ചപ്പോൾ അമ്മയെ ആശ്വസിപ്പിക്കാനായി നിങ്ങളുടെ സ്റ്റാറ്റസ് മറന്ന് നിങ്ങൾ അവർക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു. ആ നിമിഷം എന്നെ ആഴത്തിലാണ് സ്പർശിച്ചത്. ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് മരണശേഷം ഔദ്യോഗിക ബഹുമതികളോടെയുള്ള യാത്രയയപ്പ്. അച്ഛന് നൽകിയ ആദരവിന് ഞാൻ ജീവിതകാലം മുഴുവൻ നന്ദിയുള്ളവനായിരിക്കും. ഈ നിമിഷം ഇതിൽ കൂടുതൽ എന്താണ് ഞാൻ പറയേണ്ടത്? ഹൃദയത്തിൽ നിന്നും നന്ദി, അണ്ണാ" ശന്തനു കൂട്ടിച്ചേർത്തു.
ബസന്ത് നഗറിലെ ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകളിൽ മമ്മൂട്ടി, രജനീകാന്ത്, കമൽ ഹാസൻ തുടങ്ങിയ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ഭാഗ്യരാജിന് വിട
ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1980-കളിലും 90-കളിലും തമിഴ് സിനിമയിൽ വൻ ഹിറ്റുകളായി മാറിയ കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ഭാഗ്യരാജ്. 25 സിനിമകൾ സംവിധാനം ചെയ്തു. 75-ലേറെ സിനിമകളിൽ അഭിനയിച്ചു. ഒട്ടേറെ തിരക്കഥകളെഴുതി. സംഗീതവും ചിത്രസംയോജനവും നിർവഹിച്ചു. തുടർച്ചയായി പത്ത് സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകനെന്ന റെക്കോഡിനും ഉടമയാണ്.
കുട്ടിക്കാലത്തെ നാടകാഭിനയവും എം.ജി.ആർ. ആരാധനയുമാണ് സിനിമയിലേക്കെത്തിച്ചത്. പ്രമുഖ സംവിധായകൻ ഭാരതിരാജയ്‌ക്കൊപ്പം ‘16 വയതിനിലേ’ എന്ന സിനിമയിൽ സംവിധാന സഹായിയായി തുടക്കം. ഒപ്പം ചെറിയ വേഷവും. ഭാരതിരാജയുടെ തന്നെ ‘കിഴക്ക് പൂക്കും റെയിലി’ലൂടെ തിരക്കഥാ-സംഗീത സംവിധാന സഹായിയും ‘സിഗപ്പു റോജാക്കളുടെ’ സംഭാഷണരചയിതാവുമായി. 1979-ൽ ‘സുവരില്ലാത സിത്തിരങ്കൾ’ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. മൗനഗീതങ്ങൾ, അന്ത ഏഴ് നാട്കൾ, ഡാർലിങ് ഡാർലിങ്, മുന്താണൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, സുന്ദര കാണ്ഡം, രാസുകുട്ടി തുടങ്ങി ഒട്ടേറെ ഹിറ്റുകളൊരുക്കി. പലതിലും ഭാഗ്യരാജ് തന്നെ നായകൻ.
‘മിസ്റ്റർ മരുമകൻ’ എന്ന മലയാള സിനിമയിലും അഭിനയിച്ചു. ‘സിദ്ദു പ്ലസ് ടു’ ആണ് അവസാനം സംവിധാനം ചെയ്ത സിനിമ. ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെ ഉർവശിയെ അഭിനയരംഗത്തെത്തിച്ചത് ഭാഗ്യരാജാണ്. തെലുഗു, ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ടെലിവിഷൻ പരമ്പരകളും ഒരുക്കി. 1983-ൽ ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്‌കാരവും 2014-ൽ സിമ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡും നേടി. ഒട്ടേറെ നോവലുകൾ രചിച്ചു. ‘ഭാഗ്യ’ എന്ന വാരികയുടെ പത്രാധിപരുമായിരുന്നു.
ഭാഗ്യരാജിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്തു. ഏതാനും വർഷം മുൻപുതന്നെ തന്റെ കണ്ണുകൾ ദാനംചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തിരുന്നു. അതുപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ നഗരത്തിലെ ഒരു ആശുപത്രിക്ക് ദാനം ചെയ്തു.
Content Highlights: Moving the internet to tears, actor Shanthnu Bhagyaraj penned a deeply emotional note of gratitude on X (formerly Twitter) to Tamil Nadu Chief Minister C. Joseph Vijay, recalling how the top leader forgot his official stature and humbly knelt on the floor to comfort his grieving mother, Poornima, following the demise of legendary filmmaker K. Bhagyaraj.
Published: 30 Jun 2026, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented