ചെന്നൈ: നിയമത്തിന്റെ വഴിക്കുനീങ്ങി നടനും സംവിധായകനുമായ പാർഥിപൻ ഒടുവിൽ ജാതി -മത രഹിത സർട്ടിഫിക്കറ്റ് സ്വന്തമാക്കി. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ ഹാജരായ പാർഥിപന് സർട്ടിഫിക്കറ്റ് നൽകിയതായി രേഖപ്പെടുത്തിയശേഷം കേസ് അവസാനിപ്പിക്കാൻ ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ബെഞ്ച് ഉത്തരവിട്ടു. കോടതിയോട് പാർഥിപൻ നന്ദി അറിയിച്ചു.

To advertise here,

എന്നാൽ, ജാതിയിൽനിന്നും മതത്തിൽനിന്നും മുക്തനാണെന്ന് തെളിയിക്കാൻ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യമില്ലെന്നും പെരുമാറ്റത്തിലൂടെയാണ് അത് തെളിയിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

‘‘തഹസിൽദാർക്കും അത്തരമൊരു സർട്ടിഫിക്കറ്റ് നൽകാൻ അധികാരമില്ല. ജാതിരഹിതരും മതരഹിതരുമാണെന്ന് സ്വയംപ്രഖ്യാപിക്കേണ്ട ആവശ്യമില്ല. പെരുമാറ്റത്തിലൂടെ അത് കാണിക്കണം’’ -കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, നല്ലവ്യക്തി എന്ന് വിളിക്കപ്പെടാൻപോലും സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പാർഥിപൻ പ്രതികരിച്ചു.

ജാതിയും മതവും ദേശീയ ഐക്യത്തിന് ഹാനികരമാണെന്നും അതിനാൽ ഇവയിൽനിന്ന് തന്നെ ഒഴിവാക്കിയുള്ള സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പാർഥിപൻ കോടതിയെ സമീപിച്ചത്. നേരത്തേ ചെന്നൈ ഷോലിങ്കനല്ലൂർ തഹസിൽദാർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് കോടതിയിലെത്തിയത്.