
യു.എസിലെ ഹവായി ദ്വീപിൽ പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. മരണസംഖ്യ ഉയരുമെന്ന് ഹവായി ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞിരിക്കുകയാണ്. ആയിരത്തോളം പേരെ കണ്ടെത്താനുമുണ്ട്. കാട്ടുതീയിൽ ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് താരം റോക്ക് എന്ന ഡ്വെയ്ൻ ജോൺസൺ. ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിച്ചു.
ഹവായിലെ മാവി ദ്വീപിലാണ് കാട്ടുതീ നാശം വിതച്ചത്. ദുരന്തത്തിന്റെ വ്യാപ്തി കണ്ട് ഹൃദയം നുറുങ്ങുകയാണെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ലോകമെമ്പാടുമുള്ള എല്ലാവരും നമ്മുടെ ഹവായിയൻ ദ്വീപുകളെ, നമ്മുടെ മൗവി ദ്വീപിനെ ബാധിച്ച സമ്പൂർണ നാശത്തേയും തകർച്ചയേയും കുറിച്ച് മനസിലാക്കിയിട്ടുണ്ടെന്ന് തനിക്കറിയാം. ഹൃദയഭേദകമായ കാഴ്ചകളാണ് ഇവിടെ നിന്ന് കാണാൻ കഴിഞ്ഞത്. നിങ്ങൾക്കും അങ്ങനെതന്നെയാണെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ രക്ഷാപ്രവർത്തകരെ റോക്ക് അഭിനന്ദിക്കുന്നുമുണ്ട്. ഹൃദയം തകർന്നെങ്കിലും നമ്മുടെ വിശ്വാസവും മനസ്സും ശക്തമാണ്. ഫസ്റ്റ് റെസ്പോണ്ടേഴ്സ്, ഹെൽത്ത് കെയർ ടീമുകൾ, ഹോട്ടലുകൾ, പ്രാദേശിക ബിസിനസ്സുകൾ, ഞങ്ങളുടെ എല്ലാ പ്രാദേശിക നായകന്മാർ, എല്ലാവരും ശക്തമായി പ്രവർത്തനം തുടരുക. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള കഴിവ് നമ്മുടെ ഡി.എൻ.എയിലുണ്ട്. നമ്മുടെ പൂർവ്വികർ നമ്മുടെ രക്തത്തിലുണ്ട്. ഇതാണ് നമ്മൾ. ഡ്വൈയ്ൻ ജോൺസൺ കുറിച്ചു.
സമോവൻ വംശജനാണ് ഡ്വെയ്ൻ ജോൺസൺ. അദ്ദേഹത്തിന്റെ അമ്മ ഹവായിയിലാണ് ജനിച്ചത്. താരം ചെറുപ്പത്തിൽ കുറച്ചുകാലം അവിടെ ജീവിച്ചിരുന്നു. വെള്ളിയാഴ്ച, ഹവായി സ്വദേശികൂടിയായ നടൻ ജേസൺ മോമോ ദ്വീപിൽനിന്ന് മാറിനിൽക്കാൻ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ അവധിക്കാലം ചെലവഴിക്കാനുള്ള സ്ഥലമല്ല മൗയി. ആഴത്തിൽ കഷ്ടപ്പെടുന്ന ഒരു ദ്വീപിൽ നിങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്ന് സ്വയം ബോധ്യപ്പെടുത്തരുതെന്നായിരുന്നു അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
കാട്ടുതീ നാശംവിതച്ച മൗവി കൗണ്ടിയിലെ ലഹൈനയിൽ 2,200 കെട്ടിടങ്ങൾ ചാമ്പലാവുകയോ തകരുകയോ ചെയ്തു. 12,000-ത്തിലേറെപ്പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരിൽ 4,500-റിലേറെപ്പേർക്ക് പാർക്കാൻ ഇടമില്ലാതായി. 550 കോടി ഡോളറിന്റെ (ഏകദേശം 45,626 കോടി രൂപ) നഷ്ടം കണക്കാക്കുന്നു. 1918-ൽ മിനസോട്ടയിലും വിസ്കോൺസിനിലുമുണ്ടായ കാട്ടുതീക്കുശേഷം ഇത്ര വിനാശകാരിയായ തീ ആദ്യമാണ്. അന്ന് 453 പേരാണ് മരിച്ചത്.
വീടു നഷ്ടപ്പെട്ടവർ പലരും കയറിക്കിടക്കാൻ ഇടമില്ലാത്തതിനാൽ കാറുകളിലാണ് രാപകൽ കഴിയുന്നത്. തിരച്ചിലും പരിശോധനകളും കഴിഞ്ഞ് സുരക്ഷിതമെന്നു ഉറപ്പായാൽമാത്രമേ ലഹൈനയിലേക്ക് തിരിച്ചുവരാൻ ആളുകളെ അനുവദിക്കൂ എന്ന് മൗവി പോലീസ് പറഞ്ഞു. അതിനുമുമ്പ് ദുരന്തമേഖലയിൽ കടക്കുന്നവർക്ക് ഒരു വർഷംവരെ തടവും 2,000 ഡോളർ (1.66 ലക്ഷം രൂപ) പിഴയും ശിക്ഷയായി നൽകുമെന്നും അറിയിപ്പുണ്ട്.
Content Highlights: actor dwayne johnson new instagram video, hawaii wildfire
Published: 14 Aug 2023, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented