ചെന്നൈ: ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായ തമിഴ് നടൻ അജിത്ത് വെെകാതെ പുതിയ ചിത്രത്തിൻ്റെ സെറ്റിൽ ജോയിൻ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. മഗിഴ്‍ തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചി എന്ന ചിത്രത്തിനായി അസര്‍ബെയ്‍ജാനിലേക്ക് പോകാൻ ഒരുങ്ങുകയാണ് താരം. അജിത്ത് പൂർണ ആരോ​ഗ്യവാനാണെന്നാണ് വിവരങ്ങൾ. 

To advertise here,

ലെെക്ക പ്രൊഡക്ഷൻസാണ് 'വിടാമുയർച്ചി' നിർമിക്കുന്നത്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ചിത്രത്തിൻ്റെ കുറച്ച് ഭാ​ഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. തൃഷയാണ് ചിത്രത്തിലെ നായിക. 

നടൻ അജിത്തിനെ ആരോഗ്യ പരിശോധനയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. പരിഭ്രാന്തരായ നിരവധിപേർ ആശുപത്രിക്കുമുന്നിൽ തടിച്ചുകൂടുകയും ചെയ്തു. പിന്നാലെ അജിത്തിന്റെ പതിവ് ആരോ​ഗ്യ പരിശോധനയാണ് നടന്നതെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചു. 

'വ്യാഴാഴ്ച പതിവുപരിശോധനകൾക്കായാണ് അജിത്ത് സർ ആശുപത്രിയിലെത്തിയത്. ഞരമ്പിന് ചെറിയൊരു വീക്കമുണ്ടായിരുന്നു. ലളിതമായ  മാർ​ഗത്തിലൂടെ ഡോക്ടർമാർ അതിൽ നിന്ന് അദ്ദേഹത്തെ മുക്തനാക്കി. അദ്ദേഹം സുഖമായിരിക്കുന്നു.' സുരേഷ് ചന്ദ്ര അറിയിച്ചു.

അജിത്തും ഭാര്യ ശാലിനിയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലെ ആരാധക ​ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു. അജിത്ത് തലച്ചോറിലെ മുഴ നീക്കം ചെയ്യാനെത്തിയതാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.