ചെന്നൈ: നടൻ അജിത്തിനെ കഴിഞ്ഞദിവസം ആരോഗ്യ പരിശോധനയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത കുറച്ചൊന്നുമായിരുന്നില്ല ആരാധകരെ ആശങ്കപ്പെടുത്തിയത്. പരിഭ്രാന്തരായ നിരവധിപേർ ആശുപത്രിക്കുമുന്നിൽ തടിച്ചുകൂടുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോ​ഗ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

To advertise here,

അജിത്തിന്റെ പതിവ് ആരോ​ഗ്യ പരിശോധനയായിരുന്നു നടന്നതെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. പരിശോധന കഴിഞ്ഞ് അജിത്ത് വീട്ടിലേക്ക് മടങ്ങിയെന്ന് മാനേജർ പറഞ്ഞു.

'വ്യാഴാഴ്ച പതിവുപരിശോധനകൾക്കായാണ് അജിത്ത് സർ ആശുപത്രിയിലെത്തിയത്. ഞരമ്പിന് ചെറിയൊരു വീക്കമുണ്ടായിരുന്നു. ലളിതമായ  മാർ​ഗത്തിലൂടെ ഡോക്ടർമാർ അതിൽ നിന്ന് അദ്ദേഹത്തെ മുക്തനാക്കി. അദ്ദേഹം സുഖമായിരിക്കുന്നു.' സുരേഷ് ചന്ദ്ര അറിയിച്ചു.

അജിത്തും ഭാര്യ ശാലിനിയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലെ ആരാധക ​ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു. അജിത്ത് തലച്ചോറിലെ മുഴ നീക്കം ചെയ്യാനെത്തിയതാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നു. തുടർന്ന് ട്രേഡ് അനലിസ്റ്റുകളുൾപ്പെടെ ഇത് വ്യാജമാണെന്ന് അറിയിച്ചിരുന്നു.