വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു. സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ തന്റെ വാചകങ്ങളിലൂടെ വിവരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം...', ഭാമ കുറിച്ചു. ഇത് വലിയ ചര്‍ച്ചയാവുകയും ഭാമ വിവാഹത്തിന് എതിരാണെന്നും തുടങ്ങിയ വ്യാഖ്യാനങ്ങളുണ്ടായി. തുടര്‍ന്ന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
'ഇന്നലെ ഞാന്‍ ഇട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ലെന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ചാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം അതുമൂലം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടില്‍ കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെയുണ്ടേല്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ഉദ്ദേശിച്ചത്. അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുത് എന്നാണ്. വിവാഹത്തിന് ശേഷമാണേല്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല'- ഭാമ വ്യക്തമാക്കി.
2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. അരുണ്‍ ആയിരുന്നു വരന്‍. ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെക്കാലമായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഭാമ തന്റെ പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് ഒഴിവാക്കിയതും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് കളഞ്ഞതുമായിരുന്നു അതിന് പ്രധാനകാരണം. കുറച്ചുനാള്‍ക്കുമുന്‍പ് മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. ഒരു 'സിംഗിള്‍ മദര്‍' ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ പറഞ്ഞത്.
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു. വിവാഹത്തിനുശേഷം താരം സിനിമ തിരക്കുകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
Content Highlights: Bhama clarifies her instagram post about marriage and dowry
Published: 19 Jul 2024, 05:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented