മൂന്നാം വിവാഹത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം നേരിടുന്ന ബോളിവുഡ് താരം ആമിർ‍ ഖാനെ പിന്തുണച്ച് അടുത്ത സുഹൃത്തും നടനുമായ അമീൻ ഹാജി. 35 വർഷത്തിലേറെയായി ആമിറിനെ അടുത്തറിയുന്ന തനിക്ക്, അയാൾ ഹൃദയം തകർന്ന് കരയുന്നത് നേരിൽ കാണേണ്ടി വന്നിട്ടുണ്ടെന്ന് ആമിർ പറഞ്ഞു. വിവാഹം എന്ന ബന്ധത്തെ ആമിർ എപ്പോഴും ബഹുമാനത്തോടെയാണ് കണ്ടതെന്നും മുൻ കുടുംബങ്ങളുടെയും മക്കളുടെയും ഉത്തരവാദിത്വം ഒരിക്കലും കൈവിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

വിവാഹത്തെ ഒരിക്കലും നിസ്സാരമായി കണ്ടിട്ടില്ല

റെഡിഫിന് നൽകിയ അഭിമുഖത്തിലാണ് അമീൻ ഹാജി ആമിറിനെക്കുറിച്ച് മനസ്സു തുറന്നത്. 'പരാജയപ്പെട്ട ബന്ധങ്ങൾക്ക് ശേഷം പലരും വിവാഹത്തെക്കുറിച്ച് നിഷേധാത്മക സമീപനം സ്വീകരിക്കും. എന്നാൽ, ആമിർ അങ്ങനെയല്ല. വിവാഹത്തെ എപ്പോഴും അദ്ദേഹം ബഹുമാനത്തോടെ കണ്ടു. വ്യക്തിജീവിതത്തെക്കുറിച്ച് ആളുകൾ തമാശ പറയാറുണ്ട്. പക്ഷേ, ഓരോ ബന്ധത്തിൽനിന്നു മുന്നോട്ട് പോയപ്പോഴും അദ്ദേഹമത് ഉത്തരവാദിത്തത്തോടെയാണ് ചെയ്തത്. മുൻഭാര്യമാരെയും മക്കളെയും വേണ്ടവിധം സംരക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അതിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല.' എന്നാണ് അമീൻ പറഞ്ഞത്.

അദ്ദേഹം കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്

ആമിർ അതീവ വികാരാധീനനായ വ്യക്തിയാണെന്നും ബന്ധങ്ങൾ തകരുമ്പോൾ അതിന്റെ വേദന ആഴത്തിൽ അനുഭവിക്കുന്ന ആളാണെന്നും അമീൻ പറഞ്ഞു. '15 വർഷത്തിന് ശേഷം വീണ്ടും പ്രണയം കണ്ടെത്തിയെന്ന പേരിൽ ആളുകൾ അദ്ദേഹത്തെ പരിഹസിക്കുന്നു. എന്നാൽ, 15 വർഷമെന്നത് ചെറിയ കാലയളവല്ല. ഹൃദയം തകർന്ന് അദ്ദേഹം കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. പുറത്തുനിന്ന് കാണുന്നവർ കരുതുന്നതുപോലെ ലളിതമല്ല ഒരു ബന്ധവും. ഒരു വിവാഹം അവസാനിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഒരാൾക്കുമാത്രം ചുമത്തുന്നത് നീതിയല്ല,' അദ്ദേഹം പറഞ്ഞു.

ആമിർ തന്റെ ജോലിയോട് പൂർണമായും സമർപ്പണമുള്ള വ്യക്തിയാണെന്നും അത് ചിലപ്പോൾ വ്യക്തിബന്ധങ്ങളിൽ വെല്ലുവിളികൾ സൃഷ്ടിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോലിയോട് അത്രയും മുഴുകിനിൽക്കുന്ന ഒരാളോടൊപ്പം ജീവിക്കുന്നവർക്ക് ചിലപ്പോൾ അവഗണിക്കപ്പെടുന്നെന്ന തോന്നൽ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആമിറിന്റെ കുടുംബജീവിതം

1986-ൽ ബാല്യകാല സുഹൃത്തായ റീന ദത്തയെ വിവാഹം കഴിച്ച ആമിർ ഖാന് ജുനൈദ്, ഐറ എന്നീ രണ്ട് മക്കളുണ്ട്. 16 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. തുടർന്ന് ‘ലഗാൻ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായിക കിരൺ റാവോയുമായി ആമിർ അടുത്തത്. 2005-ൽ വിവാഹിതരായ ഇരുവർക്കും സറോഗസിയിലൂടെ ആസാദ് റാവോ ഖാൻ ജനിച്ചു. 2021-ൽ വിവാഹമോചനം പ്രഖ്യാപിച്ചെങ്കിലും മകനുവേണ്ടി ഇരുവരും ഇന്നും ഒരുമിച്ച് പ്രവർത്തിക്കുന്ന അടുത്ത സുഹൃത്തുക്കളാണ്.

ഗൗരി സ്പ്രാറ്റുമായുള്ള ബന്ധം

ഏകദേശം രണ്ട് പതിറ്റാണ്ടായി പരിചയമുള്ള ഗൗരി സ്പ്രാറ്റുമായുള്ള ബന്ധം ഈ വർഷമാണ് പ്രണയമായി മാറിയത്. ജൂണിൽ ബന്ധം പരസ്യമാക്കിയ ഇരുവരും ജൂലൈ 5, 2026-ന് വിവാഹിതരായി. വിവാഹത്തിന് പിന്നാലെ സമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നെങ്കിലും, ആമിറിന്റെ വ്യക്തിത്വവും കുടുംബത്തോടുള്ള ഉത്തരവാദിത്തബോധവും ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പിന്തുണച്ച് അടുത്ത സുഹൃത്തുക്കളും രംഗത്തെത്തുകയാണ്.