ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിലൊരാളാണ് ആമിർ ഖാൻ. അദ്ദേഹം നായകനായെത്തുന്ന ലാൽ സിങ് ഛദ്ദ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. ഈയവസരത്തിൽ തന്റെ ചെറുപ്പകാലത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. സിനിമയുടെ ​ഗ്ലാമർ ലോകത്തേക്കെത്തുന്നതിന് മുമ്പ് സ്കൂൾ ഫീസ് കെട്ടാൻ പോലും പണമില്ലാതിരുന്ന ഒരവസ്ഥയുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. 

To advertise here,

ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആമിർ തന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ നാളുകളേക്കുറിച്ച് ഓർത്തെടുത്തത്. തന്റെ കുടുംബം കടക്കെണിയിലായതിനെ കുറിച്ചും എട്ട് വർഷം കടുത്ത പ്രതിസന്ധി നേരിട്ടതിനെ കുറിച്ചും ആമിർ ഖാൻ പറഞ്ഞു. സ്കൂൾ പഠനകാലത്ത് ആറാം ക്ലാസിൽ ആറ് രൂപ, ഏഴാം ക്ലാസിൽ ഏഴുരൂപ, എട്ടാം ക്ലാസിൽ എട്ടുരൂപ എന്നരീതിയിലായിരുന്നു ഫീസ് നൽകേണ്ടിയിരുന്നത്. താനും സഹോദരങ്ങളും എപ്പോഴും ഫീസ് നൽകാൻ വൈകും. രണ്ട് തവണ താക്കീത് നൽകിയിട്ടും പണമടയ്ക്കാത്തതിനാൽ സ്കൂൾ അസംബ്ലിയിൽ എല്ലാവരുടെ മുന്നിൽ വെച്ച് പേര് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ നിർമാതാവായിരുന്ന താഹിർ ഹുസ്സൈന്റേയും സീനത്ത് ഹുസ്സൈന്റേയും മകനാണ് ആമിർ. ഫൈസൽ ഖാൻ, ഫർഹത്ത് ഖാൻ, നിഖാത്ത് ഖാൻ എന്നിവരാണ് സഹോദരങ്ങൾ. 1973-ൽ യാദോം കി ബാരാത്ത് എന്ന ചിത്രത്തിലൂടെ ബാലതാരാമായാണ് ആമിർ സിനിമയിലെത്തിയത്. 1988-ൽ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തിലൂടെ നായകനുമായി.

ലാൽ സിങ് ഛദ്ദയാണ് പുതുതായി ഇറങ്ങാനിരിക്കുന്ന ചിത്രം. കഴിഞ്ഞ നാലുവർഷത്തിനിടെ ആമിറിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. 1994-ൽ പുറത്തിറങ്ങി, അക്കാദമി അവാർഡ് വരെ കരസ്ഥമാക്കിയ ഫോറസ്റ്റ് ​ഗമ്പിന്റെ ഇന്ത്യൻ പതിപ്പാണ് ലാൽ സിങ് ഛദ്ദ. കരീന കപൂർ, മോന സിങ്, നാ​ഗചൈതന്യ എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിലെത്തുന്നത്.