ആട്ടം മികച്ച ചിത്രത്തിനടക്കം മൂന്ന് ദേശീയ പുരസ്കാരത്തിനർഹമായത് വിശ്വസിക്കാനാകുന്നതിനും അപ്പുറത്തെ നേട്ടമാണെന്ന് സംവിധായകൻ ആനന്ദ് ഏകർഷി.  ആട്ടം പോലെയൊരു സിനിമ നിർമിക്കാൻ തയ്യാറായി മുന്നോട്ടു വന്ന നിർമാതാവ് ഡോ. അജിത് ജോയ്ക്കും സിനിമയുണ്ടാവാൻ കാരണമായ വിനയ് ഫോർട്ടിനുമാണ് നന്ദി പറയുന്നതെന്നും ആനന്ദ് ഏകർഷി പറഞ്ഞു. 

To advertise here,

വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷമുണ്ട്. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് ആട്ടത്തിന് ലഭിച്ചത്. വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇങ്ങനൊരു സിനിമ നിർമിക്കാൻ മുന്നോട്ട് വന്ന നിർമാതാവ് ഡോ. അജിത് ജോയിക്കും ഈ സിനിമ ഉണ്ടാവാന്‍ കാരണമായ വിനയ് ഫോര്‍ട്ടിനുമാണ് നന്ദി പറയേണ്ടത്. തുടക്കം മുതൽ അവസാനം വരെ സിനിമയ്ക്ക് ഒപ്പം നിന്ന എല്ലാ അണിയറപ്രവർത്തകരും ഈ അവാർഡ് അർഹിക്കുന്നുണ്ട്'- ആനന്ദ് ഏകർഷി പറഞ്ഞു. 

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും 'ആട്ടം' നേടി.  മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരവും ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദ് സ്വന്തമാക്കി.