തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ ജൂറി അംഗമായ സജിൻ ബാബുവിന് ക്ഷണമില്ല. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇങ്ങനെയൊരു പ്രശ്നം സംഭവിക്കാൻ കാരണം 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോളിട്ട ഫെയ്സ്ബുക്ക് കുറിപ്പായിരിക്കാം എന്നാണ് സജിൻ ബാബു പറയുന്നത്. മറ്റ് ജൂറിയം​ഗങ്ങൾക്ക് എല്ലാവർക്കും ക്ഷണം കിട്ടിയെന്നും എന്നാൽ തന്നെ ഒഴിവാക്കിയതിനുപിന്നിലെ കാരണം അറിയില്ലെന്നും സജിൻ ബാബു പറഞ്ഞു.

To advertise here,

അറുപത്തൊമ്പതാമത് നാഷണൽ ഫിലിം അവാർഡ്സ് സൗത്ത് പാനൽ-1(തമിഴ്, മലയാളം) ൽ ജൂറി അം​ഗമാകാൻ സാധിച്ചതിനേക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സജിൻ ബാബു ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുകയാണ്. എന്നാൽ ഇതിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോ​ഗികമായി ഒരറിയിപ്പും ലഭിച്ചില്ലെന്ന് സജിൻ ബാബു കുറിച്ചു. മറ്റ് ജൂറി അം​ഗങ്ങൾക്ക് അറിയിപ്പ് ലഭിച്ചെന്നാണ് മനസിലാക്കുന്നത്. ക്ഷണം ലഭിക്കാതിരുന്നതിനേത്തുടർന്ന് കുറച്ച് കാത്തിരുന്നശേഷം കഴിഞ്ഞയാഴ്ച എൻ.എഫ്.എ സെല്ലുമായി ബന്ധപ്പെട്ടു. എന്നാൽ തന്റെ കോളുകൾക്കോ മെയിലുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി കിട്ടിയില്ല. മറ്റ് ജൂറി അം​ഗങ്ങൾ എൻ.എഫ്.എയിൽ ഇക്കാര്യം അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടിയല്ല ലഭിച്ചത്. 20 ദിവസത്തോളമാണ് താനടക്കമുള്ള ജൂറി അം​ഗങ്ങൾ സിനിമകൾ കണ്ടത്. എല്ലാവർക്കും ക്ഷണം കിട്ടിയെന്നും എന്നാൽ തന്നെ ഒഴിവാക്കിയതിനുപിന്നിലെ കാരണം അറിയില്ലെന്നും സജിൻ ബാബു പറഞ്ഞു.

തനിക്ക് ഇങ്ങനെയൊരു പ്രശ്നം സംഭവിക്കാൻ കാരണം 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോളിട്ട ഫെയ്സ്ബുക്ക് കുറിപ്പായിരിക്കാം എന്നാണ് സജിൻ ബാബു പറയുന്നത്. കെ.എസ്.എഫ്.ഡി.സി നിർമിച്ച നിഷിദ്ധോ എന്ന ചിത്രം ദേശീയപുരസ്കാരത്തിന് അയപ്പോൾ സെൻസർ സർട്ടിഫിക്കറ്റില്ലായിരുന്നുവെന്നും ദൈർഘ്യം കുറവായിരുന്നുവെന്നുമായിരുന്നു സജിൻ ബാബു ആ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്. ഇത് ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിന് സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമത്തിന് എതിരായിരുന്നുവെന്നും അതേ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുറിപ്പ് പോസ്റ്റ് ചെയ്ത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ കെ.എസ്.എഫ്.ഡി.സിയുടെ ഒരു ഉന്നത വ്യക്തിയിൽ നിന്ന് എനിക്കൊരു കോൾ വന്നു. ആരെയും കുറ്റപ്പെടുത്തിയതല്ലെന്നും കെ.എസ്.എഫ്.ഡി.സി പോലൊരു സ്ഥാപനത്തിൽ നിന്ന് ഭാവിയിൽ ഇങ്ങനെയൊരു തെറ്റ് സംഭവിക്കരുതെന്ന് മാത്രമേ കരുതിയുള്ളൂവെന്നും അദ്ദേഹത്തോട് ഞാൻ അപ്പോൾത്തന്നെ പറഞ്ഞിരുന്നു.

ഇതേക്കുറിച്ച് എൻ.എഫ്.ഡി.സിയുമായി സംസാരിക്കാമെന്ന് ആ വ്യക്തി എന്നോട് പറഞ്ഞു. ഏതാനും മിനിറ്റുകൾക്ക് ശേഷം, എൻ.എഫ്.എ സെല്ലിൽ നിന്ന് എനിക്ക് ഒരു ഔദ്യോഗിക ഇമെയിൽ ലഭിച്ചു. ജൂറി ചർച്ചകളുടെ ഏതെങ്കിലും വെളിപ്പെടുത്തൽ ഭാവിയിൽ ജൂറി അംഗത്തെ വിലക്കുന്നതിന് കാരണമായേക്കാമെന്നായിരുന്നു അതിലെ ഉള്ളടക്കം. അവർക്കുള്ള എന്റെ പ്രതികരണ ഇമെയിലിൽ, ഒരു ഘട്ടത്തിലും ഞാൻ ജൂറി ചർച്ചകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ സഹസംവിധായകരുടെ സാധ്യതകളെ ഹനിക്കുന്ന രീതികൾ വെളിച്ചത്തുകൊണ്ടുവരേണ്ടത് എന്റെ കടമയാണെന്നും ഞാൻ വ്യക്തമാക്കിയിരുന്നു. എന്തൊക്കെയായാലും ഒരു കലാകാരൻ എന്ന നിലയിലും ജൂറി അംഗം എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും എന്നെ ഒഴിവാക്കാനുള്ള കാരണം എന്തായിരുന്നാലും അത് എന്നെ അറിയിക്കേണ്ടിയിരുന്നു. സജിൻ ബാബു എഴുതി.