കോഴിക്കോട്: തുളുഭാഷയിലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം കൈതപ്രം സന്തോഷിന്. ‘ജീട്ടിഗെ’ എന്ന ചിത്രത്തിനാണ് പുരസ്കാരം. കോവിഡുമായി ബന്ധപ്പെട്ട യഥാർഥസംഭവത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണിത്.

To advertise here,

ചലച്ചിത്രഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മരുമകനാണ് കൈതപ്രം എടക്കാടില്ലത്ത് ശംഭു നമ്പൂതിരിയുടെയും സരസ്വതിയുടെയും മകനായ സന്തോഷ്. സംവിധായകൻ ജയരാജിനൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട് .

പുരസ്കാരം ഗുരുദക്ഷിണയായി ജയരാജിനും കൈതപ്രം വിശ്വനാഥൻ നമ്പൂതിരിക്കും സമർപ്പിക്കുന്നുവെന്ന് സന്തോഷ് പറഞ്ഞു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നവീൻ ഡി. പാട്ടീൽ നേരത്തേ മികച്ച സഹനടനുള്ള കർണാടകസംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരനാണ് പശ്ചാത്തലസംഗീതമൊരുക്കിയത്. 

നടി രൂപ വൊർക്കാടി, ഛായാഗ്രാഹകൻ ഉണ്ണി മടവൂർ, കളറിസ്റ്റ് ലിജു പ്രഭാകർ, സൗണ്ട് മിക്സ് ചെയ്ത ഫസൽ, സംഗീതസംവിധായകൻ ജയറാം എന്നീ മലയാളികളും ഈ തുളുചിത്രത്തിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.