യുവാക്കള്‍ക്കിടയില്‍ ഹരമായിക്കൊണ്ടിരിക്കുന്ന ഹിപ് ഹോപ് സംസ്‌കാരത്തെ കുറിച്ച് കിടിലന്‍ ഡോക്യുമെന്ററിയുമായി ജോവെന്‍ റോയ്. സൗത്ത്‌സൈഡ് എന്ന പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ ബുധനാഴ്ച കപ്പ സ്റ്റുഡിയോയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിലീസ് ചെയ്തു. ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത് കപ്പ സ്റ്റുഡിയോയാണ്. 

കൊച്ചി സ്വദേശിയാണ് ജോവെന്‍. പേമെന്റ് ആപ്പായ ക്രെഡില്‍ വിഷ്വല്‍ ഡിസൈനറായി ജോലി ചെയ്യുന്ന ജോവെന്‍ നിരവധി ഡോക്യുമെന്ററികളും ഷോര്‍ട്ട്ഫിലിമുകളും ചെയ്തിട്ടുണ്ട്. 'ഹിപ് ഹോപ് കേരളത്തില്‍ വളരെ അടുത്തകാലത്താണ് വളരെയധികം ജനകീയമായത്. നിരവധി കലാകാരന്മാര്‍ ഈ രംഗത്തേക്ക് വരുന്നു, കുറേ ട്രാക്ക് കേള്‍ക്കുന്നു. ഇതേ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ് ഇത് ഡോക്യുമെന്റ് ചെയ്യണം എന്നൊരു ചിന്ത വന്നത്. അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണം എന്നും തോന്നി.' ഡോക്യുമെന്ററിയെ കുറിച്ച് ജോവെന്‍ പറയുന്നു.

ഹിപ് ഹോപ് കള്‍ച്ചറിനെ കുറിച്ച് വിശദമായി തന്നെ സൗത്ത്‌സൈഡില്‍ പരാമര്‍ശിക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ എംസി കൂപ്പര്‍, ഡബ്‌സി, പരിമള്‍ ഷായ്‌സ് തുടങ്ങിയ താരങ്ങളെല്ലാം ഹിപ് ഹോപ് കള്‍ച്ചറിനെ കുറിച്ചുളള തങ്ങളുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും ഡോക്യുമെന്ററിയില്‍ പങ്കുവെക്കുന്നുണ്ട്. നവംബര്‍ 12ന് ഡോക്യുമെന്ററി കപ്പ ടിവിയുടെ യുട്യൂബ് ചാനലില്‍ റിലീസ് ചെയ്യും. ഡിഒപി ജേക്കബ് റെജിയും എഡിറ്റര്‍ റിയാസ് ഹസ്സനുമാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് പരിമള്‍ ഷായ്‌സ്, എ.കെ.ദേവികയാണ് റിസര്‍ച്ച് ലീഡ്. 

കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ നിരവധി കഴിവുളള കലാകാരന്മാര്‍ ഈ രംഗത്തുളളതായി അഭിനേതാവും സംഗീതകാരനുമായ ശേഖര്‍ മേനോന്‍ അഭിപ്രായപ്പെടുന്നത്‌ ട്രെയിലറില്‍ കാണാം. തൊണ്ണൂറുകളിലാണ് ഹിപ് ഹോപ് കേരളത്തില്‍ പ്രകടമായി തുടങ്ങുന്നത്. 2004-ല്‍ പുറത്തിറങ്ങിയ 'ലജ്ജാവതിയേ..' എന്ന ഗാനമാണ് കേരളത്തില്‍ റാപ്പ് ജനകീയമാക്കുന്നത്. 

Content Highlights: Trailer of the Documentary on Kerala's rising hip-hop culture, Southside,  is out