മലയാളസംഗീതപ്രേമികള്‍ക്ക് ഒട്ടും അപരിചിതനല്ല സൂരജ് സന്തോഷ് എന്ന ഗായകന്‍. പാട്ടെഴുത്തുകാരനായും സംഗീതസംവിധായകനായും സൂരജ് തന്റെ പ്രാഗത്ഭ്യം തെളിയിച്ചുകഴിഞ്ഞു. ആലാപനത്തിലെ ബഹുമുഖതയാണ് സൂരജിനെ വ്യത്യസ്തനാക്കുന്നത്.  വിവിധ ദേശങ്ങളിലെ വ്യത്യസ്ത ഭാവതലങ്ങളുള്ള സംഗീതശൈലികള്‍ അനായാസമായി ആലപിക്കുന്ന സൂരജിന് അസംഖ്യം ആരാധകരുമുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷാചിത്രങ്ങളിലും ആലാപനപ്രാഗത്ഭ്യത്താല്‍ സൂരജ് മികച്ച ഗായകരുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് അഥവാ സ്വതന്ത്ര സംഗീതമേഖലയിലും സൂരജ് തിരക്കേറിയ കലാകാരനാണ്. ഇളയരാജ, യുവന്‍ ശങ്കര്‍ രാജ, ഡി. ഇമ്മന്‍, ചരണ്‍ രാജ്, ജി.വി. പ്രകാശ്, ദേവി ശ്രീ പ്രസാദ്, ബിജിബാല്‍... പ്രമുഖ സംഗീതസംവിധായകരെല്ലാം തങ്ങളുടെ മികച്ച ഗാനങ്ങള്‍ക്കായി സൂരജ് എന്ന ഗായകനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മസാല കോഫി എന്ന മ്യൂസിക് ബാന്‍ഡിലൂടെയും കപ്പ ടിവി അവതരിപ്പിച്ച മ്യൂസിക് മോജോയിലൂടെയും സംഗീതപ്രണയികള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച കലാകാരനാണ് സൂരജ്. നിരവധി സ്വതന്ത്രസംഗീത ആല്‍ബങ്ങളിലൂടെയും സൂരജ് ആരാധകരെ അമ്പരിപ്പിച്ചു. 

To advertise here,

പ്രശസ്ത മ്യൂസിക് ബാന്‍ഡായ മസാല കോഫിയുടെ പ്രധാന ഗായകനും സഹസ്ഥാപകനുമാണ് സൂരജ്. മസാല കോഫിയോടൊപ്പം നിരവധി അന്താരാഷ്ട്ര വേദികളില്‍ തന്റെ മാജിക്കല്‍ പെര്‍ഫോമന്‍സുമായെത്തി സദസിനെ കയ്യിലെടുത്ത കലാകാരനാണ് സൂരജ്. മസാലകോഫിക്കൊപ്പം  ഉറിയടി, കണ്ണും കൊള്ളയടിത്താല്‍ എന്നീ തമിഴ് ചിത്രങ്ങള്‍ക്കായും മുന്‍ദിന നില്‍ദന എന്ന കന്നഡ ചിത്രത്തിനുവേണ്ടിയും മ്യൂസിക് കമ്പോസര്‍, മ്യൂസിക് പ്രൊഡ്യൂസര്‍ എന്നീ റോളുകള്‍ സൂരജ് നിര്‍വഹിച്ചു. ജനഭേരി തിയറ്ററിന്റെ ഒരു സമകാലിക നാടകസംരംഭത്തിനുവേണ്ടിയും 2022-ല്‍  സൂരജ് സംഗീതസംവിധായകനും സംഗീത നിര്‍മാതാവുമായി. സംസ്ഥാനത്തില്‍ അങ്ങോളമിങ്ങോളം അവതരിപ്പിക്കപ്പെട്ട 'താരം' എന്ന നാടകം സംഗീത് നാടക് അക്കാദമിയുടെയുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ ഗണേഷ് ബി. കുമാറിനോടൊപ്പം യൂറോപ്യന്‍ ചേംബര്‍ ക്വയറിലാണ് സൂരജിന്റെ ആദ്യത്തെ അന്താരാഷ്ട്ര പ്രോജക്ട്. പ്രശസ്ത പുതുമുഖ ജര്‍മന്‍ സംഗീതസംവിധായകനായ നികോള്‍ മാറ്റിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും സൂരജിന് ലഭിച്ചു. കൂടാതെ,  ഇന്തോ- ഓസ്ട്രിയന്‍ ബാന്‍ഡായ ആശ്രം ഓറിയന്റല്‍ റോക്കിനൊപ്പം 2011 ല്‍ യൂറോപ്യന്‍ പര്യടനത്തിനും സൂരജിന് അവസരം ലഭിച്ചു.  

2010 ല്‍ ഡാര്‍ലിങ് എന്ന ചിത്രത്തില്‍ ജി. വി. പ്രകാശ് കുമാറിന്റെ സംഗീതസംവിധാനത്തിലാണ് സൂരജ് ചലച്ചിത്രപിന്നണിഗാനമേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ടുതന്നെ മുന്‍നിര ഗായകരുടെ പട്ടികയില്‍ സൂരജ് സ്വന്തമായൊരിടം കയ്യടക്കി. ആദ്യഗാനത്തിലൂടെ മിര്‍ച്ചി ബെസ്റ്റ് അപ്കമിങ് സിങര്‍ അവാര്‍ഡ് സൂരജ് നേടി. 2012 ല്‍ രാഹുല്‍ രാജിന്റെ സംഗീതസംവിധാനത്തിലൂടെയാണ് തമിഴ് സിനിമയിലേക്ക് സൂരജ് എത്തുന്നത്. 2013 ല്‍ ശ്രേയാ ഘോഷാലിനോടൊപ്പം ആലപിച്ച യമ്മാ യമ്മാ എന്ന ഗാനം സൂരജിന് ബ്രേക്ക് നല്‍കി. കലോത്സവവേദികളിലെ വിജയങ്ങളിലൂടെ അംഗീകരിക്കപ്പെട്ട സൂരജ് എന്ന ഗായകന്‍ മലയാളസിനിമയിലേക്ക് കടന്നുവന്നത് 2013 ല്‍ റിലീസായ സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ആദ്യമെത്തിയ സിനിമയിലെ ഈ രാമായണക്കൂട്ടില്‍ ആണ് സൂരജ് ആദ്യമായി ആലപിച്ച മലയാള സിനിമാഗാനം.  നിഖില്‍ രാജനായിരുന്നു സംഗീത സംവിധായകന്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രതീഷ് വേഗ, സ്റ്റീഫന്‍ ദേവസി, ഗോപി സുന്ദര്‍, ബിജിബാല്‍, ജേക്‌സ് ബിജോയ്, സുഷിന്‍ ശ്യാം തുടങ്ങി മലയാലത്തിലെ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം സൂരജ് പ്രവര്‍ത്തിച്ചു. 

കപ്പ ടിവിയുടെ മ്യൂസിക് മോജോയിലൂടെയാണ് സൂരജ് ലീഡ് വോക്കലിസ്റ്റായിരുന്ന മസാല കോഫി എന്ന മ്യൂസിക് ബാന്‍ഡിന്റെ അരങ്ങേറ്റം. 2015 സെപ്റ്റംബര്‍ 11 ന് മസാല കോഫിയുടെ ആദ്യ ആല്‍ബം ആലായാല്‍ തറ വേണം റിലീസായി. വിദേശരാജ്യങ്ങളിലുള്‍പ്പെടെ സംഗീതപരിപാടികള്‍ അവതരിപ്പിച്ച മസാല കോഫി സൂരജ് എന്ന ഗായകനെ ഏറെ ശ്രദ്ധേയനാക്കി. സൂരജുമായി പിരിയുകയാണെന്ന് മസാല കോഫി പ്രഖ്യാപിച്ചത് 2019 നവംബറിലായിരുന്നു. സൂരജിന്റെ സോളോ മ്യൂസിക് കരിയറിന് ഇത് അനിവാര്യമാണെന്നും മസാല കോഫി വ്യക്തമാക്കി. തുടര്‍ന്ന് സൂരജ് സ്വതന്ത്ര മ്യൂസിക് ബാന്‍ഡിന് രൂപം നല്‍കി. സൂരജ് സന്തോഷ് ലൈവ് എന്ന ഫൈവ് പീസ് ബാന്‍ഡ് ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിലെ വേദികളില്‍ സംഗീതത്തിന്റെ അലയൊലികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ജിപ്‌സി സണ്‍ എന്ന  ആല്‍ബവും സൂരജ് സന്തോഷ് എന്ന ഗായകന്റെ ക്രെഡിറ്റിലുണ്ട്. വിവിധ ഭാഷകളിലായി ആറ് ഗാനങ്ങളാണ് ജിപ്‌സി സണ്‍ എന്ന ആല്‍ബം ലേബലില്‍ പുറത്തിറങ്ങിയത്. 

2016-ല്‍ മികച്ച പിന്നണിഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഗപ്പി എന്ന ചിത്രത്തിലെ തനിയെ മിഴികള്‍ കരസ്ഥമാക്കിയ സൂരജ് സന്തോഷ് എന്ന ഗായകനെത്തേടി മറ്റുനിരവധി പുരസ്‌കാരങ്ങളുമെത്തി. 2013 ലെ കാമസൂത്ര: ദ റിവഞ്ച് എന്ന ചിത്രത്തില്‍ സച്ചിന്‍-ശ്രീജിത് സംഗീതസംവിധാനം നിര്‍വഹിച്ച അഞ്ച് ഗാനങ്ങള്‍ 86 മത് അക്കാദമി അവാര്‍ഡ്‌സില്‍ ബെസ്റ്റ് ഒറിജിനല്‍ സോങ് നോമിനേഷന്‍സിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. ഗാനങ്ങളില്‍ സാവരിയ, ഹര്‍ ഹര്‍ മഹാദേവാ എന്നീ ഗാനങ്ങള്‍ സൂരജാണ് ആലപിച്ചത്. ഈ ഗാനങ്ങള്‍ ഏറെ പ്രശംസ നേടിയവയാണ്.