
തമിഴിലെ യുവസംഗീത സംവിധായകനും ഗായകനുമായ സായ് അഭ്യങ്കറിന്റെ അഞ്ചാമത്തെ ഇൻഡിപെൻഡന്റ് സിംഗിൾ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ‘പവഴ മല്ലി’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് തന്നെയാണ്. നടിയും സംഗീതസംവിധായികയും ഗായികയുമായ ശ്രുതി ഹാസനാണ് ഇത്തവണ സായ്‌ക്കൊപ്പം പാടിയിരിക്കുന്നത്. തന്റെ അഞ്ചാമത്തെ ഇൻഡിപെൻഡന്റ് സിംഗിളിന്റെ വീഡിയോയിൽ കയാദു ലോഹറാണ് സ്‌ക്രീനിൽ നായികയായെത്തുന്നത്.
ഇതിനിടെ, അഞ്ചു മ്യൂസിക് വീഡിയോയിലും നായികയായി അഭിനയിച്ചവരുമായി സായ്ക്കുള്ള പ്രായവ്യത്യാസമാണ് ഇപ്പോൾ ചർച്ചയാവുന്നത്. 2004-ൽ ജനിച്ച സായ്ക്ക് ഈ വർഷം 22 വയസ്സ് പൂർത്തിയാവും. ഇത്രയും ചെറുപ്രായത്തിൽ തന്നെ തെന്നിന്ത്യൻ മ്യൂസിക് സെൻസേഷനായി ഈ യുവഗായകൻ മാറിക്കഴിഞ്ഞു. സായ് സ്വതന്ത്രസംഗീതസംവിധായകനായ ആദ്യസിനിമ മലയാളത്തിൽ പുറത്തിറങ്ങിയ 'ബൾട്ടി'യാണ്. 21-ാം വയസ്സിൽ രണ്ടുകോടി രൂപയായിരുന്നു ചിത്രത്തിന് സായ്ക്ക് പ്രതിഫലം ലഭിച്ചത്. സൂര്യ നായകനാവുന്ന ആർ.എൽ. ബാലാജി ചിത്രം 'കറുപ്പി'ൽ സാക്ഷാൽ എ.ആർ. റഹ്‌മാനെ മാറ്റിയാണ് സായ് അഭ്യങ്കറിനെ സംഗീതസംവിധായകനായി തിരഞ്ഞെടുത്തതെന്ന വാർത്ത ഏവരേയും ഞെട്ടിച്ചു.
സാധാരണയായി ചിത്രങ്ങളിൽ നായികയും നായകനും തമ്മിലെ പ്രായവ്യത്യാസം വലിയ ചർച്ചയാവാറുണ്ട്. മിക്കപ്പോഴും അത് നായകനേക്കാൾ ഒരുപാട് ചെറുപ്പമായ നടിമാരെ നായികയായി തിരഞ്ഞെടുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശിക്കപ്പെടാറ്. അടുത്തകാലത്തെ ഏറ്റവും വലിയ ഹിറ്റായ ബോളിവുഡ് ചിത്രം 'ധുരന്ധർ' ആണ് അത്തരത്തിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 40-കാരനായ രൺവീറിന് 20-കാരിയായ സാറാ അർജുൻ നായികയായത് വലിയ ചർച്ചയായി. എന്നാൽ, ചിത്രം അത് ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു സംവിധയകൻ ഉൾപ്പെടെ വിശദീകരിച്ചത്.
എന്നാൽ, ഇപ്പോൾ ചർച്ച നടക്കുന്നത് നായകനേക്കാൾ പ്രായമുള്ള നായികമാരെച്ചൊല്ലിയാണ്. യൂട്യൂബിൽ കാഴ്ചാകണക്കുകളിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഗാനങ്ങളായിരുന്നു സായ് അഭ്യങ്കറിന്റെ 'കച്ചി സേറ'യും 'ആസ കൂട'യും. ‘കച്ചി സേറ’യിൽ സംയുക്ത വിശ്വനാഥൻ ആയിരുന്നു സായ്‌യുടെ കൂടെ സ്‌ക്രീനിൽ. 1998-ൽ ജനിച്ച സംയുക്തയ്ക്ക് 2026 നവംബറിൽ 28 വയസ്സാവും. 'സർവ്വം മായ'യിലൂടെ മലയാളികൾക്കും പ്രിയപ്പെട്ട താരമായി മാറിയ പ്രീതി മുകുന്ദനായിരുന്നു 'ആസ കൂട' മ്യൂസിക് വീഡിയോയിൽ നായിക. പ്രീതിയുമായി സായ്‌യ്ക്ക് മൂന്നുവയസ്സിന്റെ വ്യത്യാസമുണ്ട്. 29 വയസ്സാണ് 'സിത്തിര പൂത്തിരി'യിലെ നായിക മീനാക്ഷി ചൗധരിക്ക് ഇപ്പോൾ പ്രായം. 'ലക്കി ഭാസ്‌കറി'ൽ ദുൽഖർ സൽമാന്റെ നായികയായിരുന്നു മീനാക്ഷി. പ്രിയദർശൻ ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി. 1997-ലാണ് 'വിഴി വീക്കുര'യിലെ നായിക സാൻവി മേഘ്‌ന ജനിച്ചത്.
'പവഴ മല്ലി' പുറത്തിറങ്ങിയതോടെ നായികയും നായകനും തമ്മിലെ പ്രായവ്യത്യാസം ആരാധകർ ചർച്ച ചെയ്യാൻ തുടങ്ങിയത്. 2000-ൽ ജനിച്ച കയാദു ലോഹറിന് ഈ വർഷം 26 വയസ്സ് പൂർത്തിയാവും. നാലുവയസ്സാണ് ഇരുവരും തമ്മിലെ വ്യത്യാസം. ഇത് ചൂണ്ടിക്കാട്ടി ഒരുപാട് ട്രോളുകളും റീലുകളുമാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതേസമയം, വ്യാഴാഴ്ച പുറത്തിറങ്ങിയ വീഡിയോ ഇതുവരെ ഒരുകോടിയിലേറെപ്പേർ കണ്ടുകഴിഞ്ഞു. പതിവുപോലെ തിങ്ക് മ്യൂസിക് ഇന്ത്യയുടെ തിങ്ക് ഇൻഡി സീരീസിന്റെ ഭാഗമാണ് 'പവഴ മല്ലി'യും. 'ആസ കൂട'യ്ക്കുശേഷം സംവിധായകൻ തേജു ഭരദ്വാജാണ് 'പവഴ മല്ലി'ക്ക് ദൃശ്യഭാഷയൊരുക്കിയത്. 'സിത്തിര പൂത്തിരി'ക്ക് വരികളെളുതിയ വിവേക് തന്നെയാണ് പുതിയ പാട്ടിന്റേയും ഗാനരചയിതാവ്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. വിക്കി പപ് എഡിറ്റിങ്ങും വിഎഫ്എക്സും നിർവഹിച്ചിരിക്കുന്നു. മലയാളത്തിലേയും തമിഴിയിലേയും ശ്രദ്ധേയ കോറിയോഗ്രാഫർ എം. ഷെരിഫ് ആണ് മ്യൂസിക് വീഡിയോക്ക് ചുവടുകൾ ഒരുക്കിയിരിക്കുന്നത്.
Content Highlights: Sai Abhyankkar's 5th independent single 'Pavazha Malli' trends online. Social media users are actively discussing the age gap between the singer and his video heroines. Analysis of age differences across his major hits like 'Katchi Sera' and 'Aasa Kooda'. Insights into the singer's rapid rise in the Tamil and Malayalam music industries
Published: 07 Mar 2026, 06:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented