തൃശ്ശൂര്‍: മാലയില്‍നിന്ന് പുലിപ്പല്ല് കണ്ടെത്തിയ കേസില്‍ റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി- 30) തൃശ്ശൂരിലെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതിനിടയില്‍ വേടന്റെ അടുത്തേക്ക് വളര്‍ത്തുനായ ഓടിയെത്തി. തെളിവെടുപ്പ് കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് വളര്‍ത്തുനായ ഓടിവന്നത്. വളര്‍ത്തുനായയെ കൈയിലെടുത്ത് ഓമനിച്ച വേടന്‍ പിന്നീട് നായയെ വീട്ടിലുള്ളവര്‍ക്ക് കൈമാറി.

To advertise here,

തൃശ്ശൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വേടനെ കോടനാട്ടേക്ക് തിരികെ കൊണ്ടുപോയി. നേരത്തെ, പുലിപ്പല്ലുകൊണ്ട് ലോക്കറ്റ് തയ്യാറാക്കിയ വിയ്യൂരിലെ സരസ ജുവലറിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. 

രാവിലെ ആറരയോടെയാണ് കോടനാടുനിന്ന് വനംവകുപ്പ് സംഘം വേടനുമായി തൃശ്ശൂരിലേക്ക് തിരിച്ചത്. ആദ്യം വിയ്യൂരിലെ സരസ ജുവലറിയില്‍ എത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സന്തോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജുവലറിയിലാണ് വേടന്‍ പുലിപ്പല്ല് ലോക്കറ്റാക്കി മാറ്റിയത്.

വേടന്‍ മറ്റാരുടെയോ പരിചയത്തില്‍ വന്നതാണെന്ന് തെളിവെടുപ്പിന് ശേഷം ജുവലറി ഉടമ സന്തോഷ്‌ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വേടനെ മുന്‍പരിചയമില്ല. ലോക്കറ്റ് തയ്യാറാക്കാനായി വന്നത് വേടന്റെ സുഹൃത്തായിരുന്നു. തിരികെ വാങ്ങാന്‍ സുഹൃത്തിനൊപ്പം വേടനുമുണ്ടായിരുന്നു. എന്നാലത് വേടനാണെന്ന് അന്ന് മനസിലായിരുന്നില്ല. ലോക്കറ്റിലുള്ളത് പുലിപ്പല്ലാണെന്ന് അറഞ്ഞിരുന്നില്ലെന്നും സന്തോഷ് പ്രതികരിച്ചു.