ര്‍മ്മയില്‍ ആ കോമാളി പാടിക്കൊണ്ടേയിരിക്കുന്നു, അഞ്ചരപ്പതിറ്റാണ്ടിനിപ്പുറവും. വെറും കോമാളിയല്ല, ഇന്ത്യക്കാര്‍ മുഴുവന്‍ സ്‌നേഹിച്ച, ആരാധിച്ച, ഹൃദയത്തോട് ചേര്‍ത്തുവെച്ച ഇതിഹാസതുല്യനായ കോമാളി:

To advertise here,

'ജീനാ യഹാം മര്‍നാ യഹാം, ഇസ്‌കെ സിവാ ജാനാ കഹാം, ജീ ചാഹേ  ജബ് ഹംകോ ആവാസ് ദോ, ഹം ഹേ വഹീ ഹം ഥേ ജഹാം, അപ്‌നേ യഹി ദോനോം ജഹാം, ഇസ്‌കെ സിവാ ജാനാ കഹാം...''   ജീവിതവും മരണവും ഇവിടെ തന്നെ; മറ്റെങ്ങു പോകാനാണ് ഞാന്‍? കാണാന്‍ തോന്നുമ്പോള്‍ വിളിച്ചോളൂ. ഇവിടെത്തന്നെയുണ്ടാകും ഞാന്‍; എന്റെ രണ്ടു ലോകവും ഇതാണല്ലോ...'മേരാ നാം ജോക്കറി'ല്‍ (1970) രാജ് കപൂറിന് വേണ്ടി മുകേഷ് പാടി അനശ്വരമാക്കിയ ഗാനം. തീര്‍ന്നില്ല. പാട്ടിന്റെ അടുത്ത വരികളിലാണ് രാജിന്റെ ആത്മാംശം കൂടുതല്‍ കലര്‍ന്നിട്ടുള്ളതെന്നു തോന്നും ചിലപ്പോള്‍:
 
'കല്‍ ഖേല്‍ മേ ഹം ഹോ ന ഹോ, ഗര്‍ദിഷ് മേ താരേ രഹേംഗേ സദാ, ഭൂലോഗെ തും ഭൂലേംഗെ വോ, പർ ഹം തുംഹാരേ രഹേംഗെ സദാ...'' നാളെ ഈ കളിക്കളത്തില്‍ ഞാന്‍ ഉണ്ടായാലും ഇല്ലെങ്കിലും ആകാശത്തില്‍ താരകള്‍ മിന്നിക്കൊണ്ടിരിക്കും, നീയും അവരുമൊക്കെ എന്നെ മറന്നിട്ടുണ്ടാകാം; അപ്പോഴും ഞാന്‍ നിനക്കൊപ്പമുണ്ടാകും...

ബോളിവുഡിലെ എക്കാലത്തെയും വലിയ ഷോമാന്റെ മായാത്ത ഓര്‍മകള്‍ കൂടിയാണ്  ഇന്ത്യക്കാര്‍ക്ക് ആ ഗാനം; ഒപ്പം മരണമില്ലാത്ത ഒരു കാലത്തിന്റെയും. കുറച്ചു വര്‍ഷം മുന്‍പൊരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അതേ ഗാനം ഒരു യുവഗായകന്റെ ശബ്ദത്തില്‍ കേട്ട് പൊട്ടിക്കരയുന്ന ധര്‍മ്മേന്ദ്രയുടെ ചിത്രം മറന്നിട്ടില്ല. 'രാജ് ജി അത് പാടി അഭിനയിക്കുന്നതിന് സാക്ഷിയായിരുന്നു ഞാന്‍. വേദന ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് പാടുന്ന ആ കോമാളിയെ എങ്ങനെ മറക്കാന്‍? ആ ഗാനം എപ്പോള്‍ കേട്ടാലും ആ നിമിഷങ്ങള്‍ ഓര്‍മ്മവരും. കണ്ണുകള്‍ നിറയും..'' - പിന്നീടൊരു അഭിമുഖത്തില്‍ പഴയ ആക്ഷന്‍ ഹീറോ പറഞ്ഞു. 

placeholder
ധർമേന്ദ്ര മേരാ നാം ജോക്കറിൽ

സംഗീതം പ്രാണവായുവായിരുന്നു രാജിന്. നടനും സംവിധായകനുമായിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് ഒരിക്കല്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: 'പാട്ടുകാരനായേനെ. ചുരുങ്ങിയ പക്ഷം സംഗീത സംവിധായകനെങ്കിലും.' രാജ് കപൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാമുണ്ട് പ്രതിഭാശാലിയായ ആ ഗായകന്റേയും ഗാനശില്പിയുടേയും അദൃശ്യ സാന്നിധ്യം. രാജിന്റെ സര്‍ഗ്ഗാത്മക ഇടപെടലില്ലാത്ത ഒരു പാട്ടുപോലുമില്ല അദ്ദേഹത്തിന്റെ സിനിമകളില്‍. ചില ഗാനങ്ങളുടെ ഈണത്തിന്റെ പൂര്‍ണ്ണ അവകാശം പോലും രാജിന് സ്വന്തം. പില്‍ക്കാലത്ത് രാം തേരി ഗംഗാ മയ്ലിയിലൂടെ സൂപ്പര്‍ഹിറ്റായി മാറിയ 'സുന്‍ സാഹിബാ സുന്‍' എന്ന ഗാനത്തിന്റെ ഈണം ആ പടം പുറത്തിറങ്ങുന്നതിന് വര്‍ഷങ്ങള്‍ മുന്‍പേ രാജ് ജി മൂളിക്കേട്ടിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു ദീര്‍ഘകാലം  രാജ് കപൂറിന്റെ അസിസ്റ്റന്റ് ആയിരുന്ന സംവിധായകന്‍ രാഹുല്‍ റാവൈല്‍. സമാനമായിരുന്നു ബോബിയിലെ 'ജൂട്ട് ബോലേ കൗവേ കാട്ടേ' എന്ന ഗാനത്തിന്റെ കഥയും. റുമേനിയന്‍ സന്ദര്‍ശന വേളയില്‍ യാദൃച്ഛികമായി കാതില്‍ വന്നുവീണ ഒരു ഗാനത്തിന്റെ ഈണം 'ജീനാ യഹാം മര്‍നാ യഹാം' എന്ന പാട്ടിന് വേണ്ടി കടമെടുക്കാന്‍ ശങ്കര്‍ ജയ്കിഷനെ പ്രേരിപ്പിച്ചത് രാജ് കപൂറാണ്. മേരാ നാം ജോക്കറിലെ തന്നെ 'ജാനേ കഹാം  ഗയേ വോ ദിന്‍' എന്ന  വിരഹഗാനത്തിന്റെ ഈണം കുട്ടിക്കാലം മുതലേ തന്റെ മനസ്സിലുണ്ടയിരുന്നുവെന്ന് രാജ് ഒരിക്കല്‍ പറഞ്ഞു. ആദ്യകാല സിനിമകളില്‍ പലതിന്റേയും പശ്ചാത്തലത്തില്‍ ആ ഈണം ഉപയോഗിച്ചിട്ടുമുണ്ട്.
 
മറ്റൊരു കൗതുകമാര്‍ന്ന ഓര്‍മ കൂടി പങ്കുവെക്കുന്നു രാഹുല്‍: 'സിനിമയിലെ ചില രംഗങ്ങള്‍  ചിത്രീകരിക്കുന്ന വേളയില്‍ രാജ് കൈകള്‍ കൊണ്ട് താളമിടുന്നതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഓരോ ഷോട്ടിനും അനുയോജ്യമായ പശ്ചാത്തല സംഗീതം മനസ്സില്‍ ചിട്ടപ്പെടുത്തുകയാണ് അദ്ദേഹം.' സംഗീതത്തെയും സിനിമയേയും ആയുഷ്‌കാലം മുഴുവന്‍ ജീവതാളമായി കൊണ്ടുനടന്ന ഒരാള്‍ അങ്ങനെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?  
 
പാട്ടുകളെ സ്വന്തം സിനിമകളുടെ ആത്മാവായിക്കണ്ടു രാജ് കപൂര്‍. പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തി ആ സിനിമകളെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല നമുക്ക്. മുകേഷിന്റെ വിഷാദമധുരമായ ശബ്ദത്തിലാണ് അവയില്‍ ഭൂരിഭാഗവും നമ്മെ തേടിയെത്തിയത്. എന്തുകൊണ്ട് മുകേഷ് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായിരുന്നു രാജിന്: 'എന്റെ കഥാപാത്രങ്ങള്‍ അധികവും സാധാരണക്കാരാണ്. അമാനുഷിക പരിവേഷം തൊട്ടുതീണ്ടാത്തവര്‍. ഭൂമിയില്‍ കാലുറപ്പിച്ചു നില്‍ക്കുന്നവര്‍. അവര്‍ പാടുന്നത് സാധാരണക്കാരന്റെ ശബ്ദത്തിലാവണം. ആ ശബ്ദത്തില്‍ സാധാരണ മനുഷ്യന്റെ ആകുലതകളും വ്യാകുലതകളും ആശങ്കകളും അന്തര്‍മുഖത്വവും എല്ലാമുണ്ടാവണം. മുകേഷിന്റെ ശബ്ദത്തില്‍ അതെല്ലാമുണ്ട്...' മറ്റൊന്ന് കൂട്ടി പറഞ്ഞു രാജ്: 'എവിടെയോ ഒരു അപൂര്‍ണതയുണ്ട് ആ ശബ്ദത്തിന്. ആ അപൂര്‍ണതയാണ് എന്റെയും മുകേഷിന്റെയും വ്യക്തിത്വങ്ങളെ ഇണക്കിനിര്‍ത്തുന്നത്. എല്ലാം തികഞ്ഞാല്‍ പിന്നെ ജീവിതത്തിന് എന്തര്‍ത്ഥം?'  മുകേഷിന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ രാജ് പറഞ്ഞ വാക്കുകള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗം: 'എന്റെ ആത്മാവാണ് പറന്നകന്നത്. ഇനി ഞാനെന്ന ശരീരം മാത്രമേയുള്ളൂ.'

ഇരുവരും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഉദാത്തമായ ഉദാഹരണങ്ങളായി എടുത്തുകാട്ടാവുന്ന പാട്ടുകള്‍ നിരവധി. നേര്‍ത്ത വിഷാദസ്പര്‍ശമുള്ളവയാണ് അവയില്‍ ഏറെയും. ചിലതൊക്കെ ദാര്‍ശനികമാനങ്ങളുള്ളവയും: ആവാരാ ഹൂം, ഹം തുജ്സെ മൊഹബ്ബത് കര്‍ കേ സനം (ആവാര), സിന്ദാ ഹൂം ഇസ് തരഹ് (ആഗ്), മേരാ ജൂട്ടാ ഹേ ജാപ്പാനി (ശ്രീ 420), ദോസ്ത് ദോസ്ത് നാ രഹാ, ഹര്‍ ദില്‍ ജോ പ്യാര്‍ കരേഗാ, ബോല്‍ രാധാ ബോല്‍ സംഗം (സംഗം), തേരി ദുനിയാ മേ ദില്‍ ലഗ്താ നഹി (ബാവരെ),  ആംസൂ ഭരീ ഹേ യെ ജീവന്‍ കി രാഹേം (പര്‍വരിറിഷ്), കിസി കി മുസ്‌കുരാഹടോം, സബ് കുച്ഛ്  സീഖാ, ദില്‍ കി നസര്‍ സേ (അനാഡി), ആ അബ് ലൗട്ട് ചലേ, ഹോട്ടോ പെ സചായി, മേരാ നാം രാജു  (ജിസ് ദേശ് മേ ഗംഗാ ബെഹ്തി ഹേ), ഏക് ദിന്‍ ബിക് ജായേഗാ (ധരം കരം), സജന്‍ രേ ജൂട്ട് മത് ബോലോ (ഹമാരി യാദ് ആയേഗി), ദുനിയാ ബനാനേവാലെ (തീസ്രി കസം), ഡം ഡം  ഡിഗാ ഡിഗാ,  ഛലിയാ മേരാ നാം (ഛലിയാ)... ഏറ്റവും അവസാനമായി മുകേഷ് പാടി റെക്കോര്‍ഡ് ചെയ്ത ഗാനം രാജ് കപൂറിന്റെ 'സത്യം ശിവം സുന്ദര'ത്തിന് വേണ്ടി ആയിരുന്നു എന്നത്   വിധിനിയോഗമാകാം: 'ചഞ്ചല്‍ ശീതള്‍ നിര്‍മ്മല്‍  കോമള്‍.'

രാജ് കപൂറും മുകേഷും ഒരുമിച്ചു വെളളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഒരിക്കല്‍; 1953ല്‍ പുറത്തു വന്ന 'ആഹ്' എന്ന ചിത്രത്തില്‍. കുതിരവണ്ടിക്കാരന്റെ വേഷത്തിലാണ് മുകേഷ്. വണ്ടിയിലെ യാത്രക്കാരനായി രാജ് കപൂറും. ടോംഗ ഓടിച്ചുകൊണ്ട് മുകേഷ് പാടുന്നത് ശൈലേന്ദ്ര-ശങ്കര്‍ ജയ്കിഷന്‍ ടീമിന്റെ തത്വചിന്താപരമായ ഗാനം: 'ചോട്ടി സി യേ സിന്ദഗാനി രേ ചാര്‍ ദിന്‍ കി.... ' 

placeholder

രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് രാജിന് സംഗീത പ്രേമം. ചെറുപ്പത്തില്‍ തന്നെ നാരായണ്‍ റാവു വ്യാസ് മ്യൂസിക് അക്കാദമിയില്‍ നിന്ന് മൂന്ന് വര്‍ഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു അദ്ദേഹം. കുറച്ചുകാലം സംഗീത സംവിധായകന്‍ അനില്‍ ബിശ്വാസിന്റെ സഹായിയായി കൂടി. ഇഷ്ടഗാനങ്ങള്‍ മനസ്സില്‍ തോന്നിയ മറ്റൊരു ഈണത്തില്‍ പാടിനോക്കുന്നതായിരുന്നു അന്നത്തെ വിചിത്രമായ ശീലങ്ങളിലൊന്ന്. ഉള്ളില്‍  ഒരു  സംഗീത സംവിധായകന്‍ കൂടി ഉണ്ടായിരുന്നതു കൊണ്ടാവാം. രഞ്ജിത്ത് സ്റ്റുഡിയോയില്‍ വെച്ച് 1943 ലാണ്  മുകേഷുമായുള്ള  ആദ്യ കൂടിക്കാഴ്ച്ച. പിന്നണിഗാന ലോകത്ത് ചുവടുറപ്പിക്കാനുള്ള യത്‌നത്തിലാണ്  അന്ന്  മുകേഷ്. ജയന്ത് ദേശായിയുടെ 'ബാംസുരി'യില്‍ അഭിനയിക്കാനെത്തിയ യുവകോമളനെ പൃഥ്വിരാജ് കപൂറിന്റെ മകന്‍ എന്ന് ആരോ പരിചയപ്പെടുത്തിയപ്പോള്‍ ചിരിയോടെ മുകേഷ് പറഞ്ഞു: 'നമ്മള്‍ മുന്‍പെവിടെയോ വെച്ച്  കണ്ടിട്ടുള്ളപോലെ ഒരു തോന്നല്‍.' ആ തോന്നലില്‍ നിന്നായിരുന്നു ഇന്ത്യന്‍ സിനിമയിലെ തന്നെ ഐതിഹാസികമായ ഒരു കൂട്ടുകെട്ടിന്റെ തുടക്കം. കിദാര്‍ ശര്‍മ്മയുടെ നീല്‍ കമലില്‍ (1947) നായകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സ്വന്തം  ശബ്ദമായി മുകേഷിനെ നിര്‍ദ്ദേശിക്കാന്‍ മറന്നില്ല രാജ്. ആദ്യം സംവിധാനം ചെയ്ത 'ആഗി'ലും കഥ ആവര്‍ത്തിച്ചു. സൂപ്പര്‍ ഹിറ്റുകളുടെ പരമ്പര തുടങ്ങിയിരുന്നതേ ഉള്ളൂ.

അപൂര്‍വമായെങ്കിലും മറ്റു ഗായകരുടെ ശബ്ദങ്ങളും കടമെടുത്തിട്ടുണ്ട് രാജ് കപൂര്‍. മന്നാഡേ (യേ രാത്ത് ഭീഗി ഭീഗി, ആജാ സനം, പ്യാര്‍ ഹുവാ ഇക്രാര്‍ ഹുവാ), തലത്ത് മഹ്‌മൂദ് (മേ പാഗല്‍ മേരാ മന്‍വാ പാഗല്‍, മേരാ ഖരാര്‍ ലേജാ, മേ ദില്‍ ഹൂം ഏക് അര്‍മാന്‍ ഭരാ), മുഹമ്മദ് റഫി (രുക് രുക് കഹാം ചലി ദീവാനി, നസരോം നേ തീര്‍, തേരാ കാം ഹേ ജല്‍നാ പര്‍വാനേ)... എങ്കിലും മുകേഷുമായുള്ള ആത്മബന്ധത്തില്‍ പിറന്നതാണ് രാജിന്റെ ക്ലാസിക് ഗാനങ്ങള്‍ ഏറെയും.  

നൂറാം വയസ്സിലും രാജ് കപൂര്‍ അദൃശ്യ സാന്നിധ്യമായി നമുക്കൊപ്പമുണ്ട്; തലമുറകള്‍ക്ക് പ്രചോദനമേകിക്കൊണ്ട്. 'ചാഹേ കഹി ഭി തും രഹോ ചാഹേംഗേ തും കോ ഉമ്ര ഭര്‍, തുംകൊ നാ ഭൂല്‍ പായേംഗേ...' എവിടെയായിരുന്നാലും ഈ ആയുഷ്‌കാലം മുഴുവന്‍ മറക്കാതെ സ്‌നേഹിച്ചുകൊണ്ടിരിക്കും അങ്ങയെ... ഹസ്രത്ത് ജയപുരിയുടെ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നത് (ജാനേ കഹാം ഗയേ വോ ദിന്‍) രാജിനോടുള്ള ഒരു നാടിന്റെ ആത്മാര്‍ത്ഥമായ  സ്‌നേഹം തന്നെയല്ലേ?