സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി പൃഥ്വിരാജിന്റെ 'എമ്പുരാന്‍' പോസ്റ്റുകള്‍. ആന്റണി പെരുമ്പാവൂരിനൊപ്പം 'എമ്പുരാന്‍' ലൊക്കേഷനില്‍നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ട്രോളന്മാര്‍ കുത്തിപ്പൊക്കിയത്. 'എമ്പുരാന്‍' ലൊക്കേഷനിലേക്ക് ഹെലികോപ്റ്റര്‍ എത്തിയതിന്റെ 'ജയന്തി'യാണ് ട്രോളന്മാര്‍ ആഘോഷിക്കുന്നത്.

To advertise here,

കഴിഞ്ഞവര്‍ഷം പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ ആശംസാ പോസ്റ്റിലായിരുന്നു തുടക്കം. 'ജന്മദിനാശംസകള്‍ പ്രിയപ്പെട്ട രാജു. ഇനിയും നിരവധി നാഴികക്കല്ലുകളും മഹത്തായ നിമിഷങ്ങളും തേടിയെത്തട്ടേ എന്ന് ആശംസിക്കുന്നു', എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്. ഇത് പങ്കുവെച്ച് 'ആ ഹെലികോപ്റ്ററിന്റെ കാര്യം', എന്ന് പൃഥ്വി മറുപടി നല്‍കിയിരുന്നു. ഒക്ടോബര്‍ 16-നായിരുന്നു പൃഥ്വിരാജിന്റെ പിറന്നാള്‍.

ഒരാഴ്ച കഴിഞ്ഞാണ് പൃഥ്വി അടുത്ത പോസ്റ്റുമായി എത്തിയത്. 'ലേ ആന്റണി: ഹെലികോപ്റ്റര്‍ വരുമെന്ന് ഞാന്‍ പറഞ്ഞു, ഹെലികോപ്റ്റര്‍ വന്നു. ഇനി വേറെന്തെങ്കിലും?', എന്നായിരുന്നു ലൊക്കേഷന്‍ സ്റ്റില്ലിനൊപ്പമുള്ള പോസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ ട്രോളന്മാര്‍ കുത്തിപ്പൊക്കി ആഘോഷിക്കുന്നത്. 'ഹെലികോപ്റ്റര്‍ ജയന്തി' എന്ന പേരിലാണ് ട്രോളുകള്‍.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത 'എല്‍2: എമ്പുരാന്‍' 2025 മാര്‍ച്ചിലായിരുന്നു പുറത്തിറങ്ങിയത്. ശ്രീഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളും നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു. മുരളി ഗോപി രചന നിര്‍വഹിച്ച ചിത്രത്തില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമേ അഭിമന്യു സിങ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, റിക് യൂന്‍, ഇന്ദ്രജിത്ത്, ജെറോം ഫ്‌ളിന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. തീയേറ്റര്‍ കളക്ഷനും മറ്റ് ബിസിനസുകളില്‍നിന്നുമായി 300 കോടിയിലേറെ ചിത്രം നേടിയിരുന്നു.