കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ഒറ്റിലെ ​ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തിറങ്ങി. ഒരു മുഖം മനം തിരഞ്ഞിതാ എന്ന ​ഗാനം കെ.എസ്. ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. 

To advertise here,

അരുൾരാജ് കെന്നഡിയാണ് സംഗീത സംവിധാനം. വിനായക് ശശികുമാറിന്റേതാണ് വരികൾ. തീവണ്ടി എന്ന ചിത്രത്തിനുശേഷം ടി.പി. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എസ്. സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

വിജയ് ഛായാഗ്രാഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. മേക്കപ്പ് -റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ -രംഗനാഥ്  രവി.  

ദ ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ 2 ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.